LEOPARD | പുലി കൂട്ടിലായെന്ന ആശ്വാസത്തിനിടെ വീണ്ടും ആശങ്ക; കുണ്ടംകുഴി ഗദ്ദേമൂലയില്‍ മറ്റൊരു പുലി കൂട്ടില്‍ നിന്ന് വളര്‍ത്തുനായയെ കടിച്ചെടുത്ത് കൊന്നുതിന്നു

കുണ്ടംകുഴി: കൊളത്തൂര്‍ നിടുവോട്ട് സ്ഥാപിച്ച കൂട്ടില്‍ ഒരു പുലി കൂട്ടിലായതിലുള്ള ആശ്വാസത്തിനിടെ സമീപപ്രദേശമായ കുണ്ടംകുഴി ഗദ്ദേമൂലയില്‍ മറ്റൊരു പുലി കൂട് തകര്‍ത്ത് വളര്‍ത്തുനായയെ കൊന്ന് തിന്നു. ഗദ്ദേമൂലയിലെ എം സുരേന്ദ്രന്റെ മൂന്നരവയസുള്ള വളര്‍ത്തുനായയെയാണ് പുലി അക്രമിച്ചത്.

വ്യാഴാഴ്ച രാവിലെ തോട്ടത്തില്‍ പോകാനിറങ്ങിയപ്പോഴാണ് സുരേന്ദ്രന്‍ നായയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടത്. വീട്ടുമുറ്റത്തുള്ള കൂട്ടില്‍ രാത്രി നായയെ ചങ്ങലയില്‍ കെട്ടിയിട്ടതായിരുന്നു. കൂടിന്റെ അടിഭാഗത്തുള്ള പലകയുടെ വിടവിലൂടെ നായയെ പുറത്തുനിന്ന് കടിച്ച് കൂടിന് പുറത്തിടുകയും കൊന്ന് ഭക്ഷിക്കുകയുമായിരുന്നു.

നായയുടെ ശരീരം പൂര്‍ണ്ണമായും ഭക്ഷിച്ച് അസ്ഥികള്‍ മാത്രമാണ് ബാക്കിയുള്ളത്. വിടവില്‍ കൂടി തൂങ്ങിക്കിടക്കുന്ന ചങ്ങല ജഡത്തിന്റെ കഴുത്തിലുണ്ട്. കടിച്ചെടുത്ത ശരീരഭാഗങ്ങള്‍ സമീപത്ത് ചിതറിവീണ നിലയിലായിരുന്നു. ഇതോടെ പ്രദേശമാകെ ഭീതിയിലാണ്.

ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആവശ്യമെങ്കില്‍ കൂട് സ്ഥാപിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

Related Articles
Next Story
Share it