LEOPARD | അമ്പലത്തറ പറക്കളായിയില്‍ ചൊവ്വാഴ്ച രാത്രിയും പുലിയെത്തി; വീട്ടുമുറ്റത്ത് ഏറെ നേരം കിടന്നശേഷം തിരിച്ചുപോയി; സി.സി.ടി.വി ദൃശ്യങ്ങള്‍ വൈറല്‍

കാഞ്ഞങ്ങാട്: അമ്പലത്തറ പറക്കളായിയില്‍ ചൊവ്വാഴ്ച രാത്രിയും പുലി സാന്നിധ്യം. ഇതോടെ വീട്ടുമുറ്റത്ത് തുടര്‍ച്ചയായി രണ്ട് ദിവസമാണ് പുലിയെത്തുന്നത്. ഈ രണ്ട് ദിവസത്തെ വരവിന്റെ ദൃശ്യങ്ങളും വീട്ടിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞു. കഴിഞ്ഞ ദിവസം പുലിയെ കണ്ട വീട്ടുപറമ്പില്‍ തന്നെയാണ് ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ പുലി വീണ്ടും വന്നത്.

പറക്കളായി വെള്ളുട റോഡില്‍ കല്ലട ചിറ്റയിലാണ് സംഭവം. ബിസിനസുകാരന്‍ വികാസ് നമ്പ്യാരുടെ വീട്ടുമുറ്റത്താണ് പുലി എത്തിയത്. തുടര്‍ച്ചയായുള്ള പുലി സാന്നിധ്യം പ്രദേശത്തെ ഭയപ്പാടിലാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പുലി വന്നതിന്റെ ക്യാമറ ദൃശ്യം കണ്ട് പ്രദേശം ഭീതിയില്‍ കഴിയുന്നതിനിടെയാണ് ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ വീണ്ടും പുലി എത്തിയത്. വീട്ടുമുറ്റത്ത് ഏറെ നേരം കിടക്കുന്നതാണ് കണ്ടത്. ഇതോടെ പ്രദേശവസികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്.

ഇന്നലെ രാവിലെ വികാസ് നമ്പ്യാരുടെ വീട്ടിലെ നായയുടെ അവശിഷ്ടം കണ്ടതോടെയാണ് സിസിടിവി ക്യാമറ പരിശോധിച്ചത്. ഇതോടെയാണ് പുലിയെത്തിയ വിവരം അറിയുന്നത്.

Related Articles
Next Story
Share it