ARRESTED | കാറഡുക്ക സഹകരണ സംഘത്തില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ സ്ത്രീകളുള്‍പ്പെടെ നാലുപേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: കാറഡുക്ക സഹകരണ സംഘത്തില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ സ്ത്രീകളുള്‍പ്പെടെ നാലുപേരെ കൂടി അറസ്റ്റ് ചെയ്തു. പെരിയ സ്വദേശി എം ഷെഫീഖ്(36), ഭാര്യ എസ്.ടി ഫാത്തിമത്ത് താഹിറ(28), പള്ളിക്കര ഹദ്ദാദ് നഗറിലെ എ.എം ഖദീജത്ത് ഫൗസിയ(40), മകള്‍ ആയിഷത്ത് ഫായിസ(19) എന്നിവരെയാണ് സംസ്ഥാന ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം കണ്ണൂര്‍ യൂണിറ്റ് ഡി.വൈ.എസ്.പി എന്‍ സുനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഇവര്‍ നേരത്തെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും ജാമ്യം അനുവദിച്ചില്ല. അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. ഇതേ തുടര്‍ന്ന് പ്രതികള്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയതിന് ശേഷമുള്ള ആദ്യത്തെ അറസ്റ്റാണിത്.
സി.പി.എം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണസംഘത്തില്‍ 4.76 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. സഹകരണസംഘം സെക്രട്ടറി കര്‍മ്മംതോടി ബാളക്കണ്ടത്തെ കെ.രതീശന്‍, പയ്യന്നൂരിലെ വാടക ക്വാര്‍ട്ടേഴ് സില്‍ താമസിക്കുന്ന അബ്ദുല്‍ ജബ്ബാര്‍, പറക്കളായി ഏഴാംമൈലിലെ എ.അബ്ദുല്‍ ഗഫൂര്‍, പള്ളിക്കര പഞ്ചായത്തംഗം ബേക്കല്‍ ഹദ്ദാദ് നഗറിലെ കെ അഹമ്മദ് ബഷീര്‍, കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ എ. അനില്‍കുമാര്‍, കോഴിക്കോട് അരക്കിണര്‍ സ്വദേശി സി.നബീല്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.