IMPRISONMENT | കൈക്കൂലി വാങ്ങിയ കേസില്‍ ആദൂര്‍ മുന്‍ വില്ലേജ് ഓഫീസര്‍ക്ക് രണ്ടുവര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കാസര്‍കോട് : സ്ഥലത്തിന്റെ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസില്‍ പ്രതിയായ ആദൂര്‍ മുന്‍ വില്ലേജ് ഓഫീസര്‍ക്ക് രണ്ടുവര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. ആദൂര്‍ വില്ലേജ് ഓഫീസറായിരുന്ന പരവനടുക്കത്തെ കെ അനില്‍ കുമാറിനെ(47)യാണ് തലശ്ശേരി വിജിലന്‍സ് കോടതി ശിക്ഷിച്ചത്.

വിവിധ വകുപ്പുകള്‍ പ്രകാരം മൂന്നുവര്‍ഷം തടവ് കൂടി വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. അനില്‍ കുമാറിന് കോടതി ജാമ്യം അനുവദിച്ചു. 2013 ഒക്ടോബര്‍ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉമര്‍ ഫാറൂഖ് എന്നയാള്‍ സ്ഥലത്തിന്റെ സ്‌കെച്ചിന് വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.

അനില്‍ കുമാര്‍ ഇതിനായി 1500 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. 1000 രൂപയാണ് നല്‍കിയത്. ഉമര്‍ ഫാറൂഖിന്റെ പരാതിയില്‍ കാസര്‍കോട് വിജിലന്‍സാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്നത്തെ വിജിലന്‍സ് ഡി.വൈ.എസ്.പി കെ ദാമോദരന്‍, ഇന്‍സ്പെക്ടര്‍മാരായ ഡോ. വി ബാലകൃഷ്ണന്‍, ടി.പി സുമേഷ്, സി.എം ദേവദാസ്, ഡി.വൈ.എസ്.പി രഘുരാമന്‍ എന്നിവരാണ് കേസില്‍ അന്വേഷണം നടത്തിയത്. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കി തലശ്ശേരി വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ഉഷാകുമാരി ഹാജരായി.

Related Articles
Next Story
Share it