INVESTIGATION | നഴ് സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം: മൊഴിയെടുപ്പ് പൂര്‍ത്തിയായി; തുടര്‍ നടപടി ഉടനെയെന്ന് പൊലീസ്

കാഞ്ഞങ്ങാട്: മന്‍സൂര്‍ നഴ് സിംഗ് കോളേജ് വിദ്യാര്‍ത്ഥിനി പാണത്തൂര്‍ എള്ള് കൊച്ചിയിലെ ചൈതന്യ കുമാരി(20)യുടെ മരണവുമായി ബന്ധപ്പെട്ട മൊഴിയെടുപ്പ് പൂര്‍ത്തിയായി. ചൈതന്യ കുമാരിയുടെ മാതാ പിതാക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും മൊഴിയാണ് പൊലീസ് ശേഖരിച്ചത്.
മൊഴിയെടുപ്പ് പൂര്‍ത്തിയായതോടെ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. മന്‍സൂര്‍ നഴ്‌സിംഗ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ചൈതന്യ കുമാരി മാര്‍ച്ച് 22 നാണ് മരണപ്പെട്ടത്.
ഹോസ്റ്റല്‍ വാര്‍ഡന്റെ ഭാഗത്ത് നിന്നുണ്ടായ കടുത്ത മാനസിക പീഡനങ്ങളാണ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യാ ശ്രമത്തിന് പേരിപ്പിച്ചതെന്ന് പൊലീസ് നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയും വിദ്യാര്‍ത്ഥിനിയുടെ മാതാവിന്റെ പരാതിയില്‍ ഹോസ്റ്റല്‍ വാര്‍ഡനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
വിദ്യാര്‍ത്ഥിനി മരണപ്പെട്ടതോടെ ആത്മഹത്യാ ശ്രമത്തിന് പ്രേരിപ്പിച്ചതിനുള്ള കേസ് പൊലീസ് ഒഴിവാക്കുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. അതിനിടെ ഹോസ്റ്റല്‍ വാര്‍ഡനെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കാനുള്ള സാധ്യത മുന്‍ നിര്‍ത്തിയാണ് വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയത്.
ചൈതന്യ കുമാരിയുടെ കുടുംബം ഹോസ്റ്റല്‍ വാര്‍ഡനെതിരെ പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം. ഇക്കാര്യങ്ങളൊക്കെ പരിശോധിച്ച് പൊലീസ് ഉടന്‍ തന്നെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് അറിയുന്നത്. ഹൊസ് ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.