ACCIDENTAL DEATH | ലോറി സ്‌കൂട്ടിയിലിടിച്ച് തെറിച്ചുവീണ കോളേജ് വിദ്യാര്‍ത്ഥിക്ക് മറ്റൊരു ലോറിക്കടിയില്‍ പെട്ട് ദാരുണാന്ത്യം

ബേക്കല്‍: ലോറി സ്‌കൂട്ടിയിലിടിച്ചതിനെ തുടര്‍ന്ന് തെറിച്ചുവീണ കോളേജ് വിദ്യാര്‍ത്ഥിക്ക് മറ്റൊരു ലോറിക്കടിയില്‍പെട്ട് ദാരുണാന്ത്യം. ചെറുവത്തൂര്‍ കാടങ്കോട് സ്വദേശി ഫായിസ്(23) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 3.15 മണിയോടെ പൂച്ചക്കാട് ടൗണിലാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ കോളേജ് വിദ്യാര്‍ത്ഥിയാണ് ഫായിസ്.
സ്‌കൂട്ടിയില്‍ ഫായിസിനൊപ്പം സഞ്ചരിക്കുകയായിരുന്ന സുഹൃത്തും സഹപാഠിയുമായ റയീസിനും പരിക്കേറ്റു. ചിത്താരി പെട്രോള്‍ പമ്പിന് സമീപമാണ് റയീസ് താമസിക്കുന്നത്. ഫായിസ് റയീസിനൊപ്പം മംഗളൂരുവില്‍ നിന്ന് സ്‌കൂട്ടിയില്‍ വീട്ടിലേക്ക് പോകുകയായിരുന്നു.
സ്‌കൂട്ടിയില്‍ ലോറിയിടിച്ചപ്പോള്‍ ഫായിസ് റോഡിലേക്ക് തെറിച്ചുവീഴുകയും കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിക്കടിയില്‍പ്പെടുകയുമായിരുന്നു. ഈ സമയത്ത് ചാറ്റല്‍മഴയുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
തലക്കും മറ്റും ഗുരുതരമായി പരിക്കേറ്റ ഫായിസിനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.