LEOPARD | കൂട്ടിലായ പുള്ളിപ്പുലിയെ തൃശൂരിലെ പാര്‍ക്കിലേക്ക് കൊണ്ടുപോയി; ഭീതി ഒഴിയാതെ നാട്ടുകാര്‍

ബേഡകം: കൊളത്തൂരിലെ നിടുവോട്ട് വനംവകുപ്പ് അധികൃതര്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ പുള്ളിപ്പുലിയെ തൃശൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് കൊണ്ടുപോയി. നിടുവോട്ടെ ഇ മധുസൂദനന്‍നായരുടെ റബ്ബര്‍തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അഞ്ചുവയസുള്ള ആണ്‍പുലി കുടുങ്ങിയത്.

കാല്‍വിരലുകള്‍ക്കും കണ്ണിനും പരിക്ക് കണ്ടതിനാല്‍ രാത്രിയോടെ പുലിയെ ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാലയായ തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് കൊണ്ടുപോകുകയായിരുന്നു. പുലിയെ പിടികൂടുകയെന്ന ലക്ഷ്യത്തോടെ കൂട്ടില്‍ നായയെ കെട്ടിയിട്ടിരുന്നു. എന്നാല്‍ നായ ആക്രമിക്കപ്പെടാതിരിക്കാന്‍ പ്രത്യേക സുരക്ഷയും കൂട്ടില്‍ ക്രമീകരിച്ചിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുണിയോടെയാണ് പുലി കൂട്ടില്‍ കയറിയത്. വിവരമറിഞ്ഞ ഉടന്‍ കാസര്‍കോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി.വി വിനോദ് കുമാര്‍, ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.പി രാജു എന്നിവരും ആര്‍.ആര്‍.ടി സംഘവും സ്ഥലത്തെത്തുകയും ടാര്‍പോളിന്‍ കൊണ്ട് കൂട് മറച്ച് ലോറിയില്‍ കയറ്റി പള്ളത്തിങ്കാലിലെ ബീറ്റ് ഫോറസ്റ്റ് ക്വാര്‍ട്ടേഴ്സ് വളപ്പിലെത്തിക്കുകയുമായിരുന്നു.

ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ അഷ്റഫ് എത്തിയാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. വെറ്റിനറി ഡോക്ടര്‍മാരായ അഖില്‍ പ്രസാദും നിദിയാ ജോയിയും ചേര്‍ന്നാണ് പുലിയെ പരിശോധിച്ചത്. അതേസമയം കൊളത്തൂര്‍ ഭാഗത്ത് ഇനിയും പുലികളുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

കഴിഞ്ഞ ഫെബ്രുവരി 23ന് രാത്രി കൊളത്തൂര്‍ നിടുവോട്ട് പെണ്‍പുലി കൂട്ടില്‍ കുടുങ്ങിയിരുന്നു. ഇത് രണ്ടാംതവണയാണ് മറ്റൊരു പുലി കൂടി കുടുങ്ങുന്നത്. രണ്ട് പുലികളെ കൂട്ടിലാക്കാന്‍ കഴിഞ്ഞെങ്കിലും ഇനിയും പുലികളുണ്ടെന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ പ്രദേശവാസികളുടെ ആശങ്ക നീങ്ങിയിട്ടില്ല.

Related Articles
Next Story
Share it