ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ മൂന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയായിരുന്നു

കാസര്‍കോട്: എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഉദിനൂര്‍ തടിയന്‍ കൊവ്വല്‍ സ്വദേശിനിയായ മൂന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി പി.പി അമ്പിളി(23)യുടെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്.
അമ്പിളിയെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്പിളിയെ ശനിയാഴ്ച വൈകിട്ട് ഡിസ് ചാര്‍ജ് ചെയ്തിരുന്നു. ഇതിന് ശേഷം അമ്പിളി ഹോസ്റ്റല്‍ മുറിയില്‍ തിരിച്ചെത്തിയിരുന്നു. ഒപ്പം താമസിച്ചിരുന്ന വിദ്യാര്‍ത്ഥിനി മറ്റൊരു കൂട്ടുകാരിക്കൊപ്പം എറണാകുളത്തേക്ക് പോയതോടെ അമ്പിളി ഹോസ്റ്റല്‍ മുറിയില്‍ തനിച്ചായിരുന്നു.
പുലര്‍ച്ചെ തിരിച്ചെത്തിയപ്പോഴാണ് അമ്പിളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലെത്തിക്കുകയായിരുന്നു. മൃതദേഹം തിങ്കളാഴ്ച രാവിലെ പിലിക്കോട് കരക്കേരുവിലെ പിതാവിന്റെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം തടിയന്‍ കൊവ്വലിലെ വീട്ടിലേക്ക് കൊണ്ടുപോയി. പുതിയപുരയില്‍ ചന്ദ്രന്റെയും ഗീതയുടെയും മകളാണ്. സഹോദരി: പി പി ദില്‍ന.