ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് പരിശോധന: കണ്ടെത്തിയത് 9000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍; അസം സ്വദേശി അറസ്റ്റില്‍

നീലേശ്വരം: പുത്തരിയടുക്കം പാലാത്തടത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഒമ്പതിനായിരം പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയതായി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി ജിയാദുള്‍ ഇസ്ലാ(26)മിനെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.

ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ നീലേശ്വരം പൊലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. പുത്തരിയടുക്കത്തെ കെ.കെ പ്ലൈവുഡ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്നാണ് വന്‍ ലഹരിവസ്തു ശേഖരം കണ്ടെടുത്തത്.

നീലേശ്വരം എസ്.ഐ അരുണ്‍മോഹന്‍, കെ.വി രതീഷ്, പ്രദീപ്, സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ എം മഹേന്ദ്രന്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പ്രസന്നകുമാര്‍, വി ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related Articles
Next Story
Share it