IMPRISONMENT | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ 72കാരന് അഞ്ചു വര്‍ഷം കഠിന തടവ്

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ 72കാരനെ കോടതി അഞ്ചു വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. തായന്നൂര്‍ അയ്യങ്കാവ് പൊയ്യളത്തെ കുഞ്ഞിരാമനെ (72)യാണ് ഹൊസ് ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ് ജി പി എം സുരേഷ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവനുഭവിക്കണം.

2023മെയ് 16ന് വൈകിട്ട് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം കുഞ്ഞിരാമന്‍ വീട്ടില്‍ അതിക്രമിച്ചു കടന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം അമ്പലത്തറ പൊലീസാണ് കേസെടുത്തത്.

അന്നത്തെ അമ്പലത്തറ ഇന്‍സ്പെക്ടര്‍ ടി.കെ മുകുന്ദനാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി.

Related Articles
Next Story
Share it