ACCQUITED | കാസര്‍കോട് ജ്യോതിഷ് വധശ്രമക്കേസ്; എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ വെറുതെ വിട്ട് കോടതി

കാസര്‍കോട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷിനെ(35) വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കോടതി വിട്ടയച്ചു. അണങ്കൂരിലെ റഫീഖ്, ഹമീദ് കടപ്പുറം, ചേരങ്കൈയിലെ സാബിര്‍, അണങ്കൂരിലെ അഷ് റഫ് എന്നിവരെയാണ് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിട്ടയച്ചത്.

2017 ആഗസ്ത് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അണങ്കൂര്‍ മല്ലികാര്‍ജുന ക്ഷേത്രത്തിന് സമീപം റോഡിലൂടെ ബൈക്കില്‍ പോകുകയായിരുന്ന ജ്യോതിഷിനെ കാറിലെത്തിയ സംഘം വാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. കേസിന്റെ വിചാരണവേളയില്‍ ജ്യോതിഷിന്റെ സുഹൃത്ത് ഉള്‍പ്പെടെ 47 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.

എന്നാല്‍ സംഭവം നടന്ന സ്ഥലത്തെക്കുറിച്ചുള്ള അവ്യക്തതയും പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖകളിലെ പൊരുത്തക്കേടുകളും സാക്ഷിമൊഴികളിലെ വൈരുദ്ധ്യവും കാരണം പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ സാധിച്ചില്ല. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ തളങ്കരയിലെ സൈനുല്‍ ആബിദ് വധം ഉള്‍പ്പെടെ എട്ടോളം കേസുകളില്‍ പ്രതിയായ ജ്യോതിഷിനെ 2022 ഫെബ്രുവരി 15ന് വീട്ടുപറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Related Articles
Next Story
Share it