കമ്പല്ലൂരില്‍ ആസിഡാക്രമണത്തിനിരയായ യുവതിയുടെ നില ഗുരുതരം; യുവാവിന്റെ മൃതദേഹം പരിയാരത്തേക്ക് മാറ്റി

ചിറ്റാരിക്കാല്‍ :ചിറ്റാരിക്കാല്‍ കമ്പല്ലൂരില്‍ ആസിഡാക്രമണത്തിനിരയായ യുവതിയുടെ നില ഗുരുതരം. കമ്പല്ലൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ സഞ്ജന സ്റ്റോര്‍ ഉടമ കെ.ജി ബിന്ദു(47)വാണ് പരിയാരം മെഡിക്കല്‍ കോളേജാസ്പത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് ബിന്ദുവിന് നേരെ ആസിഡാക്രമണം നടന്നത്. കടയില്‍ ഇരിക്കുകയായിരുന്ന ബിന്ദുവിന്റെ ദേഹത്ത് ആസിഡൊഴിച്ച കമ്പല്ലൂര്‍ സ്വദേശി എം.വി രതീഷിനെ(39) പിന്നീട് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഇരുചക്രവാഹനത്തില്‍ കമ്പല്ലൂര്‍ സ്‌കൂള്‍ പരിസരത്തെത്തിയ രതീഷ് വാഹനം റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം ആസിഡ് നിറച്ച പ്ലാസ്റ്റിക് പാത്രവുമായി പോസ്റ്റോഫീസ് കെട്ടിടത്തിന്റെ പിറകിലൂടെ ബിന്ദുവിന്റെ കടയിലെത്തുകയും കൈയില്‍ കരുതിയിരുന്ന ആസിഡ് പ്ലാസ്റ്റിക് മഗിലേക്ക് മാറ്റി ബിന്ദുവിന്റെ ദേഹത്തൊഴിക്കുകയുമായിരുന്നു. നിലവിളി കേട്ടെത്തിയവരാണ് ബിന്ദുവിനെ ആസ്പത്രിയിലെത്തിച്ചത്. ബിന്ദുവിന്റെ മുഖത്തും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ചിറ്റാരിക്കാല്‍ പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് രതീഷിനെ കൊല്ലാടയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആസിഡാക്രമണത്തിന് ശേഷം രതീഷ് ഇരുചക്രവാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. രാജേഷിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പെരിങ്ങോത്ത് ടയര്‍ വര്‍ക്സ് നടത്തുന്ന രാജേഷിന്റെ ഭാര്യയാണ് ബിന്ദു. കമ്പല്ലൂരിലെ എ.വി തമ്പായിയുടെയും പരേതനായ രാഘവന്റെയും മകനാണ് രതീഷ്. സഹോദരങ്ങള്‍:പ്രിയ, ലത.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it