കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പ ഇനി സി.ബി.ഐയില്‍; അനൂജ് പാലിവാളിന് താല്‍ക്കാലിക ചുമതല
കേന്ദ്ര ഡെപ്യൂട്ടേഷനില്‍ അഞ്ചുവര്‍ഷത്തേക്കാണ് നിയമനം

കാസര്‍കോട് : കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പയുടെ സേവനം ഇനി സി.ബി.ഐയില്‍. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ അഞ്ചുവര്‍ഷത്തേക്കാണ് ശില്‍പ്പയെ നിയമിച്ചിരിക്കുന്നത്. ബംഗളൂരു എച്ച്.എസ്.ആര്‍ ലേ ഔട്ട് സ്വദേശിനിയായ ഡി ശില്‍പ്പ രണ്ടാംതവണയാണ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റത്.
പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ് സില്‍ പ്രോക്യൂര്‍മെന്റ്(സംഭരണം) അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ സ്ഥാനത്ത് നിന്നാണ് കാസര്‍കോട്ട് നിയമിതയായത്. 2024 ആഗസ്തിലാണ് ചുമതലയേറ്റത്. 2016 ഐ.പി.എസ് ബാച്ചുകാരിയായിരുന്ന ശില്‍പ്പയുടെ ആദ്യനിയമനം കാസര്‍കോട്ടായിരുന്നു.
അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായിട്ടായിരുന്നു അന്നത്തെ നിയമനം. 2020ല്‍ ജില്ലാ പൊലീസ് മേധാവിയായും സേവനമനുഷ്ഠിച്ചു. ശില്‍പ്പ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങില്‍ ബിരുദവും ബിസിനസ് അഡ് മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ താല്‍ക്കാലിക ചുമതല കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പാലിവാളിന് നല്‍കി.