ജില്ലയില്‍ മഴയ്‌ക്കൊപ്പം മഴക്കെടുതികളും; ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

കാസര്‍കോട്: ജില്ലയില്‍ തിങ്കളാഴ്ച രാത്രി മുതല്‍ തുടങ്ങിയ മഴ ചൊവ്വാഴ്ചയും തുടരുന്നു. വടക്കന്‍ കേരളത്തില്‍ കാസര്‍കോട് ഉള്‍പ്പെടെ എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുകയാണ്. ശക്തമായ മഴ ജില്ലയില്‍ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴ പെയ്യാന്‍ തുടങ്ങിയതോടെ ജില്ലയുടെ വിവിധ മേഖലകളില്‍ മഴക്കെടുതികളുമുണ്ടായി. കനത്ത മഴയില്‍ പെരിയ കേന്ദ്രസര്‍വകലാശാലക്ക് സമീപം സര്‍വീസ് റോഡിലെ മണ്ണില്‍ സ്വകാര്യബസ് താഴ്ന്നു. ചൊവ്വാഴ്ച രാവിലെ കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് താഴ്ന്നത്.ശക്തമായ കാറ്റിലും മഴയിലും കറന്തക്കാട് സര്‍വീസ് റോഡരികിലെ വലിയ മരം വൈദ്യുതി ലൈനിലേക്ക് വീണു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മരവും വൈദ്യുതി കമ്പികളും റോഡില്‍ വീണതോടെ ദേശീയപാതയില്‍ വാഹനഗതാഗതം തടസപ്പെട്ടു. പിന്നീട് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് മരം മുറിച്ച് മാറ്റിയത്. ചെര്‍ക്കള ബദിയടുക്ക ദേശീയ പാതയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ദേശീയ പാത നിര്‍മാണ പ്രവൃത്തി നടക്കുന്ന ചെറുവത്തൂര്‍ മട്ടലായി, വീരമലക്കുന്ന് , തെക്കില്‍ എന്നിവിടങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്.