കാസര്‍കോട്: മത്സ്യ വിപണന കേന്ദ്രത്തില്‍ ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ ജോണ്‍ വിജയകുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാസര്‍കോട് മത്സ്യമാര്‍ക്കറ്റിലും ഉദുമ മത്സ്യമാര്ക്കറ്റിലുമാണ് ബുധനാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് ഫുഡ് സേഫ്റ്റി ഓഫീസര്‍ മുസ്തഫ, ഹേമാംബിക എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ നിന്ന് 10 സാമ്പിളുകളും ഉദുമ മത്സ്യവിപണന കേന്ദ്രത്തില്‍ നിന്നും ആറ് സാമ്പിളുകളും പരിശോധനക്കെടുത്തു. ഇത് വിശദപരിശോധനക്ക് ലാബില്‍ അയച്ചു. അയല, മത്തി, കൂന്തല്‍ ഇനങ്ങളിലുള്ള മത്സ്യങ്ങളാണ് പരിശോധനക്ക് അയച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.