മലപ്പുറം: മുഈനലി ശിഹാബ് തങ്ങളുടെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗിന്റെ അനൗദ്യോഗിക യോഗം ഇന്നും ലീഗ് നേതൃ യോഗം നാളെയും ചേരും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മുഈനലി ശിഹാബ് തങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ സാഹചര്യത്തില്‍ നടപടിക്ക് മുമ്പായി നേതാക്കള്‍ പരസ്പരം വിനിമയം നടത്തുന്നതിനാണ് ഇന്ന് അനൗദ്യോഗിക യോഗം ചേരുക. പാര്‍ട്ടി അച്ചടക്കം ലംഘിച്ച മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്ന കാര്യം ഇന്നത്തെ ആശയ വിനിമയ യോഗത്തില്‍ ചര്‍ച്ച ചെയ്ത് നാളെത്തെ നേതൃയോഗത്തില്‍ അവതരിപ്പിക്കാനാണ് സാധ്യത. ഇന്നലെ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്ത് രൂക്ഷവിമര്‍ശനമാണ് മുഈനലി ശിഹാബ് തങ്ങള്‍ നടത്തിയത്. തിരുവനന്തപുരത്തായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് എത്തിയിട്ടുണ്ട്. പാര്‍ട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി.എ മജീദും എം.കെ മുനീറും തിരുവനന്തപുരത്തും ഇ.ടി മുഹമ്മദലി ബഷീര്‍, അബ്ദുല്‍ സമദ് സമദാനി എന്നിവര്‍ ഡല്‍ഹിയിലുമാണുള്ളത്. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന തരത്തില്‍ ഉയര്‍ന്നുവന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എന്ത് നടപടികള്‍ സ്വീകരിക്കണമെന്ന് ഫോണിലും മറ്റുമായി ഉന്നതാധികാര സമിതി അംഗങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്തേക്കും. ഹൈദരലി ശിഹാബ് തങ്ങള്‍ ചികിത്സാര്‍ത്ഥം കോഴിക്കോട്ടാണ് ഉള്ളത്.
അതിനിടെ, പറയാനുള്ള കാര്യങ്ങളെല്ലാം പാര്‍ട്ടിയില്‍ പറയുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സി മായിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ എന്തെങ്കിലും പറഞ്ഞ് പാര്‍ട്ടിയെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കില്ല. പാര്‍ട്ടിയില്‍ തിരുത്തല്‍ വേണമോയെന്ന ചോദ്യത്തിന് അച്ചടക്കം ലംഘിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മുഈനലി തങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത് ഇതാദ്യമല്ല. അതിനാല്‍ തന്നെ അദ്ദേഹത്തിനെതിരെ ഇത്തവണ നടപടിയെടുക്കണമെന്ന ആവശ്യം മുതിര്‍ന്ന നേതാക്കളില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടാണ് മുഈനലി തങ്ങള്‍.