കൊച്ചി: പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം റോയ് (85) അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെ എറണാകുളം കടവന്ത്രയിലെ സ്വവസതിയിലായിരുന്നു അന്ത്യം. റോയ് വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. പൊതുരംഗത്ത് പ്രഭാഷകനായും കോളമിസ്റ്റായും നോവലിസ്റ്റായും നിറഞ്ഞുനിന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. എറണാകുളം മഹാരാജാസ് കോളജില്‍ എം.എ വിദ്യാര്‍ഥിയായിരിക്കെ 1961 ല്‍ കേരള പ്രകാശം എന്ന പത്രത്തില്‍ സഹപത്രാധിപരമായിട്ടാണ് റോയ് മാധ്യമരംഗത്തെത്തിയത്. തുടര്‍ന്ന് ദേശബന്ധു, കേരള ഭൂഷണം എന്നീ പത്രങ്ങളിലും പ്രവര്‍ത്തിച്ചു. പിന്നീട് എക്കണോമിക്സ് ടൈംസ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളിലും ജോലി ചെയ്തു. മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്റിര്‍ പദവി വഹിച്ചിരുന്ന കാലത്താണ് സജീവ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. മംഗളം വാരികയില്‍ കെ. എം റോയി എഴുതിയിരുന്ന ഇരുളും വെളിച്ചവും എന്ന പംക്തി വായനക്കാരില്‍ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. രണ്ടു തവണ കേരള പത്രപ്രവര്‍ത്തക യൂനിയന്റെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ഫൊക്കാന അവാര്‍ഡ്, സഹോദരന് അയ്യപ്പന് പുരസ്കാരം, സിപി ശ്രീധരമേനോന് സ്മാരക മാധ്യമ പുരസ്കാരം, ശിവറാം അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങളും കെഎം റോയിയെ തേടിയെത്തിയിരുന്നു. ഇരുളും വെളിച്ചവും അടക്കം ഏതാനും പുസ്തകങ്ങളും കെ.എം റോയി രചിച്ചിട്ടുണ്ട്.