രാഷ്ട്രീയം പറഞ്ഞ് പോരടിച്ചും വികസന കാര്യത്തില്‍ കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്തും മുന്നണി നേതാക്കള്‍

കാഞ്ഞങ്ങാട്: രാഷ്ട്രീയമായി പരസ്പരം പോരടിച്ചും വികസനകാര്യത്തില്‍ കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്തും മുന്നണികളുടെ പ്രമുഖ നേതാക്കള്‍. കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മുഖാമുഖം പരിപാടിയിലാണ് നേതാക്കള്‍ കൊമ്പുകോര്‍ത്തത്. ഇടതുമുന്നണി കണ്‍വീനര്‍ കെ.പി. സതീഷ് ചന്ദ്രന്‍, യു.ഡി.എഫ് കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, ബി.ജെ.പി. ജില്ലാ സെല്‍ കണ്‍വീനര്‍ എന്‍.ബാബുരാജ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്. കോടിക്കണക്കിന് രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ഇടതു സര്‍ക്കാര്‍ കൊണ്ടു വന്നതെന്നും കാസര്‍കോട് ജില്ലയിലെ വികസനം പ്രത്യേകിച്ച് എടുത്തു പറയേണ്ടതാണെന്നും കെ.പി.സതീശ് ചന്ദ്രന്‍ പറഞ്ഞു. മലയോരത്തെ […]

കാഞ്ഞങ്ങാട്: രാഷ്ട്രീയമായി പരസ്പരം പോരടിച്ചും വികസനകാര്യത്തില്‍ കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്തും മുന്നണികളുടെ പ്രമുഖ നേതാക്കള്‍. കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മുഖാമുഖം പരിപാടിയിലാണ് നേതാക്കള്‍ കൊമ്പുകോര്‍ത്തത്. ഇടതുമുന്നണി കണ്‍വീനര്‍ കെ.പി. സതീഷ് ചന്ദ്രന്‍, യു.ഡി.എഫ് കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, ബി.ജെ.പി. ജില്ലാ സെല്‍ കണ്‍വീനര്‍ എന്‍.ബാബുരാജ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്. കോടിക്കണക്കിന് രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ഇടതു സര്‍ക്കാര്‍ കൊണ്ടു വന്നതെന്നും കാസര്‍കോട് ജില്ലയിലെ വികസനം പ്രത്യേകിച്ച് എടുത്തു പറയേണ്ടതാണെന്നും കെ.പി.സതീശ് ചന്ദ്രന്‍ പറഞ്ഞു. മലയോരത്തെ രാജപാതകള്‍, സ്റ്റേഡിയം റോഡുകള്‍ എന്നിവ വികസനത്തിന്റെ മുഖമുദ്രകളാണെന്ന് അദ്ദേഹംപറഞ്ഞു. കാഞ്ഞങ്ങാട് നഗരത്തില്‍ വരാന്‍ പോകുന്ന ആകാശപാതയും ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. വികസന ക്ഷേമ പ്രവര്‍ത്തന രംഗത്തും സര്‍ക്കാര്‍ ജനങ്ങളുടെ കൂടെ നിന്നു. 600 രൂപ ഉണ്ടായിരുന്ന ക്ഷേമപെന്‍ഷന്‍ 1600 രൂപയാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ എന്ന രണ്ടു വാക്ക് പറയാന്‍ യോഗ്യതയില്ലാത്ത പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് ബി.ജെ.പി രാജ്യം ഭരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയാണെന്നും അമൃതം പദ്ധതിയില്‍ കാസര്‍കോടിനെ ഉള്‍പ്പെടുത്താത്തത് അവഗണനയാണെന്നും സതീശ് ചന്ദ്രന്‍ പറഞ്ഞു. പുതുമുഖങ്ങളെ തിരഞ്ഞെടുപ്പില്‍ രംഗത്തിറക്കിയ യു.ഡി.എഫിന് മികച്ച വിജയം കൊയ്യാന്‍ കഴിയുമെന്ന് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ പറഞ്ഞു. അഴിമതിയില്‍ മുങ്ങി കുളിച്ച ഇടതു സര്‍ക്കാരിനെതിരെയുള്ള ജനവിധിയാണ് വരാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി-സി.പി.എം. ധാരണ വെളിവാക്കുന്നതാണ് മഞ്ചേശ്വരത്തെ വി.വി.രമേശന്റെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിത്വം സൂചിപ്പിക്കുന്നതെന്നും ആരോപിച്ചു. കാഞ്ഞങ്ങാട് നഗരസഭയില്‍ ബി.ജെ.പിയുമായി ധാരണ ഉണ്ടാക്കിയ അതേ മാതൃകയിലാണിത്. സി.പി.എം ഭരിച്ചിരുന്ന ത്രിപുര, ബംഗാള്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടി ഓഫീസ് ഉള്‍പ്പെടെ ബി.ജെ.പിക്ക് കൈമാറുന്ന അവസ്ഥയാണ് കാണുന്നത്. അവിടെയൊന്നും സി.പി.എം ഇനിയില്ല. കാസര്‍കോട് ജില്ല രൂപീകരിച്ച് വികസനത്തിന് അടിത്തറ പാകിയത് കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. അതേ പോലെ പ്രഭാകരന്‍ കമ്മീഷനെ നിയോഗിച്ചു. ജില്ലയില്‍ അടുത്ത കാലത്തുണ്ടാക്കിയ വികസനം ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ നേട്ടങ്ങളാണെന്നും ഗോവിന്ദന്‍ നായര്‍ പറഞ്ഞു. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ കള്ള വോട്ടിലൂടെയാണ് സി.പി.എം. വിജയിച്ചു വരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യത്തെ ഇത്രയേറെ അട്ടിമറിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം വേറെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ് പ്രതിപക്ഷ നേതാവ് രമേശ് ചൂണ്ടിക്കാട്ടിയ ഇരട്ട വോട്ടുകളെന്ന് അദ്ദേഹം ആരോപിച്ചു.
ഇരുമുന്നണികളും മാറിമാറി ഭരണം കൈ മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ഒരു മാറ്റത്തിനു വേണ്ടിയാണ് ബി.ജെ.പി ഇത്തവണ മത്സരിക്കുന്നതെന്ന് ബി.ജെ.പി. ജില്ലാ സെല്‍ കണ്‍വീനര്‍ എന്‍. ബാബുരാജ് പറഞ്ഞു. ജില്ലയില്‍ പത്തുപേര്‍ക്ക് തൊഴില്‍ കിട്ടുന്ന ഒരു സംരംഭം ഇരുമുന്നണികള്‍ക്കും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ കൊണ്ടുവരികയെന്നതാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ഫോം പ്രസിഡണ്ട് പി.പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജോയി മാരൂര്‍ സ്വാഗതം പറഞ്ഞു. ഇ.വി. ജയകൃഷ്ണന്‍ മോഡറേറ്ററായിരുന്നു.

Related Articles
Next Story
Share it