മലയാളത്തിന്റെ ചിരി

ജഗതി ശ്രീകുമാറിന്റെ നിസ്സഹായമായ നിശബ്ദത മലയാളത്തെ വേദനിപ്പിക്കുന്നു. ഈ നടന്റെ രണ്ടാം വരവിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ് ഇപ്പോഴും. വിധിയുടെ അപ്രതീക്ഷിതമായ പ്രഹരത്തില്‍ എത്രയെത്ര ജഗതിയന്‍ കഥാപാത്രങ്ങളാണ് ഇക്കാലയളവില്‍ പിറവിയില്ലാതെ പോയത്.ജഗതിയുടെ അപകടം സിനിമയുടെ കഥാഘടനയില്‍ ആഴമേറിയ അഴിച്ചുപണികള്‍ക്ക് വഴി തുറന്നു. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ അഭിനേതാക്കളെ തേടിയുള്ള അന്വേഷണത്തില്‍ ഒരു പറ്റം പുതിയ നടന്‍മാരെ സിനിമക്ക് കിട്ടിയെങ്കിലും അത് ജഗതിയോളം വരില്ല.ജഗതി അഭിനയിച്ച കഥാപാത്രങ്ങള്‍ ടി.വിയിലും യുട്യൂബിലുമടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോഴും ആഗ്രഹിച്ചു പോകുന്നു സിനിമക്കാര്‍ വിളിക്കുന്ന അമ്പിളി […]

ജഗതി ശ്രീകുമാറിന്റെ നിസ്സഹായമായ നിശബ്ദത മലയാളത്തെ വേദനിപ്പിക്കുന്നു. ഈ നടന്റെ രണ്ടാം വരവിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ് ഇപ്പോഴും. വിധിയുടെ അപ്രതീക്ഷിതമായ പ്രഹരത്തില്‍ എത്രയെത്ര ജഗതിയന്‍ കഥാപാത്രങ്ങളാണ് ഇക്കാലയളവില്‍ പിറവിയില്ലാതെ പോയത്.
ജഗതിയുടെ അപകടം സിനിമയുടെ കഥാഘടനയില്‍ ആഴമേറിയ അഴിച്ചുപണികള്‍ക്ക് വഴി തുറന്നു. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ അഭിനേതാക്കളെ തേടിയുള്ള അന്വേഷണത്തില്‍ ഒരു പറ്റം പുതിയ നടന്‍മാരെ സിനിമക്ക് കിട്ടിയെങ്കിലും അത് ജഗതിയോളം വരില്ല.
ജഗതി അഭിനയിച്ച കഥാപാത്രങ്ങള്‍ ടി.വിയിലും യുട്യൂബിലുമടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോഴും ആഗ്രഹിച്ചു പോകുന്നു സിനിമക്കാര്‍ വിളിക്കുന്ന അമ്പിളി ചേട്ടന്‍ വരണമെന്ന്. ജഗതിയെ മലയാളികള്‍ക്ക് ഇതുവരെയും മടുത്തിട്ടില്ല. അതു കൊണ്ട് ഈ നടന്റെ പൊലിമ നിറഞ്ഞ കഥാപാത്രങ്ങള്‍ തിരനോക്കാത്ത ദിവസവുമില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി ജഗതിയുടെ ഹാസ്യം ടെലികാസ്റ്റ് ചെയ്തു കൊണ്ടേയിരിക്കുന്ന ഒട്ടേറേ ചാനലുകളുണ്ട്. 1300 കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും മുഴുനീള കഥാപാത്രങ്ങളായിരുന്നില്ല. പത്തോ പതിനഞ്ചോ സിനിമകളില്‍ മാത്രമേ അദ്ദേഹം ഭൂരിഭാഗം സീനുകളിലും പ്രത്യക്ഷപെട്ടിട്ടുള്ളൂ.
തനിക്ക് വെല്ലു വിളിയുയര്‍ത്തുന്ന കഥാപാത്രം എത്ര ചെറുതായാലും അതിനെ സമഗ്രമാക്കുന്ന അഭിനയ ബലതന്ത്രം ഈ നടനില്‍ കാണാം. അഭിനയത്തിനും സിനിമകള്‍ക്കുമപ്പുറം മലയാളി സമൂഹം ആവര്‍ത്തന വിരസതയില്ലാതെ കാണുന്ന ഭൂരിഭാഗം രംഗങ്ങളും ജഗതിയുടേതാണ്.
ഈ നടനെ ഞാന്‍ നേരില്‍ കാണുന്നത് സുരേഷ് ഗോപി നായകനും ഖുഷ്ബു നായികയുമായ 'മാനത്തെ കൊട്ടാര'ത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു. ദിലീപ്, ഇന്ദ്രന്‍സ്, ഹരിശ്രീഅശോകന്‍, നാദിര്‍ഷ അടക്കമുള്ളവര്‍ വളര്‍ന്നു വരുന്ന സമയം. ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ ജഗതിയുടെ നര്‍മ്മങ്ങള്‍ എല്ലാവരുടെയും വിരസത അകറ്റിയിരുന്നു. പിന്നീടുള്ള കണ്ടുമുട്ടലിലൊക്കെ നന്നായി സംസാരിക്കുകയും അടുപ്പം കാണിക്കുകയും ചെയ്തിരുന്നു. മലയാളത്തിന്റെ ഈ മഹാനടന്‍ തിരിച്ചുവരുമെന്നും സ്‌ക്രീനില്‍ പുതിയ ഹാസ്യങ്ങള്‍ സൃഷ്ടിക്കുമെന്നും മലയാളികള്‍ പ്രതീക്ഷിക്കുന്നു.
2012 മാര്‍ച്ച് പത്തിന് പുലര്‍ച്ചെ കാലിക്കറ്റ് സര്‍വകലാശാലക്കടുത്ത് പാണമ്പ്ര വളവില്‍ വെച്ചാണ് ജഗതിയുടെ വാഹനം അപകടത്തില്‍ പെട്ടത്.
ലെനില്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതി എന്ന സിനിമയുടെ ലോക്കേഷനിലേക്ക് പോകും വഴിയായിരുന്നു സംഭവം.

-ഷാഫി തെരുവത്ത്‌

Related Articles
Next Story
Share it