മംഗളൂരു: മംഗളൂരു നഗരത്തിലെ രണ്ടിടങ്ങളിലെ മതിലുകളില്‍ ലഷ്കര്‍ ഇ ത്വയ്ബയെ അനുകൂലിച്ച് ചുവരെഴുത്ത് നടത്തിയ കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തീര്‍ത്ഥഹള്ളിയിലെ സദാത്തിനെ (50)യാണ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ നേരത്തെ അറസ്റ്റിലായ മുഹമ്മദ് ഷാരിക്കിന്റെ ബന്ധുവാണ് സദാത്ത്. ചുവരെഴുത്തുമായി ബന്ധപ്പെട്ട് കേസെടുത്തപ്പോള്‍ ഒളിവില്‍ പോയിരുന്ന ഷാരിക്കിന് അഭയവും ധനസഹായവും നല്‍കിയത് സദാത്ത് ആണെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിന് ശേഷം സദാത്തിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി സദാത്തിനെ കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുഹമ്മദ് ഷാരിക്ക്, മാസ് മുനീര്‍ അഹമ്മദ് എന്നിവരെയാണ് ആദ്യം പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. റിമാണ്ടിലായ ഇരുവരെയും കോടതി പത്തുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സദാത്തിനും കേസുമായുള്ള ബന്ധം പുറത്തുവന്നത്. സദാത്ത് കൂടി അറസ്റ്റിലായതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി. വസ്ത്രവ്യാപാരിയായ സദാത്ത് ഷാരിക്കിന് അഭയവും സാമ്പത്തിക സഹായവും നല്കുന്നതിനു പുറമെ തീവ്രവാദപ്രവര്‍ത്തനത്തിന് പ്രേരണ നല്‍കിയെന്നും പൊലീസ് പറഞ്ഞു.