കൊല്ലം: കുണ്ടറ പീഡനക്കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി എ.കെ ശശീന്ദ്രന് പൊലീസിന്റെ ക്ലീന്‍ ചിറ്റ്. മന്ത്രിക്കെതിരെ കേസെടുക്കാനാകില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. പീഡനപരാതി പിന്‍വലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടില്ല. വിഷയം ‘നല്ലരീതിയില്‍ പരിഹരിക്കണം’ എന്ന് മാത്രമാണ് മന്ത്രി പറഞ്ഞത്. ഇരയുടെ പേരോ, ഇരയ്ക്കെതിരായ പരാമര്‍ശമോ മന്ത്രിയുടെ സംഭാഷണത്തിലില്ലെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതുസംബന്ധിച്ച് ശാസ്താംകോട്ട ഡി.വൈ.എസ്.പിയാണ് കൊല്ലം റൂറല്‍ എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ശബ്ദതാരാവലി ഉദ്ധരിച്ചായിരുന്നു നിയമോപദേശം. പരാതിക്കാരിയുടെ അച്ഛനോട് നല്ല നിലയില്‍ പ്രശ്നം തീര്‍ക്കണം എന്നാണ് മന്ത്രി പറഞ്ഞത് എന്നും നിയമോപദേശത്തില്‍ പറയുന്നു. നിവൃത്തി വരുത്തുക, കുറവ് തീര്‍ക്കുക എന്ന അര്‍ഥത്തിലാണ് മന്ത്രി സംസാരിച്ചത് എന്നാണ് നിയമോപദേശം.
ഇരയുടെ പേരോ പരാമര്‍ശമോ മന്ത്രി നടത്തിയിട്ടില്ല. കേസ് പിന്‍വലിക്കണമെന്ന ഭീഷണി ഫോണ്‍ സംഭാഷണത്തില്‍ ഇല്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന പരാതിയിലാണ് പൊലീസ് നിയമോപദേശം തേടിയത്.