ആരിക്കാടിയില്‍ ഉടന്‍ ടോള്‍ ആരംഭിക്കാന്‍ നീക്കം; ജനങ്ങളെ അണിനിരത്തി തടയുമെന്ന് സമരസമിതി

കര്‍മ്മസമിതി ഭാരവാഹികളെ കലക്ടര്‍ അപമാനിച്ചെന്ന് ആരോപണം; പ്രതിഷേധമറിയിച്ച് എം.എല്‍.എ അടക്കമുള്ളവര്‍

കാസര്‍കോട്: ദേശീയപാതയില്‍ ആരിക്കാടിയില്‍ നിര്‍മ്മിച്ച ടോള്‍ ബൂത്തില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ടോള്‍ ആരംഭിക്കാന്‍ നീക്കം. എന്നാല്‍ ടോള്‍ പിരിവ് ജനങ്ങളെ അണിനിരത്തി തടയുമെന്ന് സമരസമിതി ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. ടോള്‍ ബൂത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനെത്തിയ സമരസമിതി ഭാരവാഹികളെ ജില്ലാ കലക്ടര്‍ അപമാനിച്ചെന്ന് ആരോപിച്ച് യോഗത്തില്‍ നിന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉള്‍പ്പടെയുള്ളവര്‍ ഇറങ്ങിപ്പോയി. ഇന്നലെ കലക്ടറുടെ ചേംബറിലായിരുന്നു സംഭവം. ടോള്‍ പിരിവിനെ ജനകീയ പ്രക്ഷോഭത്തിലൂടെയും നിയമപരമായുള്ള രീതിയിലും എതിര്‍ക്കുമെന്നും കലക്ടറുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കുമെന്നും എ.കെ.എം അഷ്‌റഫ് എം.എല്‍.എ അറിയിച്ചു. മുന്‍കൂട്ടി അനുമതി വാങ്ങിയാണ് എം.എല്‍.എയും ജില്ലാ പഞ്ചായത്തംഗം അസീസ് കളത്തൂര്‍, ആരിക്കാടി ടോള്‍പ്ലാസ വിരുദ്ധ സമിതി വര്‍ക്കിങ് ചെയര്‍മാനും സി.പി.എം കുമ്പള ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായ സി.എ. സുബൈര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഷ്‌റഫ് കര്‍ള, പ്രഥ്വിരാജ് ഷെട്ടി, കോണ്‍ഗ്രസ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ലക്ഷ്മണ്‍ പ്രഭു എന്നിവര്‍ കലക്ടറെ കാണാനെത്തിയത്.

പ്രശ്‌നം ചര്‍ച്ചചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കര്‍മ്മസമിതി ഭാരവാഹി സി.എ. സുബൈറിനോട് താങ്കള്‍ സംഭാഷണം റെക്കോഡ് ചെയ്യുകയാണോയെന്ന് കലക്ടര്‍ ചോദിച്ചതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പറയുന്നു. താന്‍ റെക്കോഡ് ചെയ്യുന്നില്ലെന്നും റെക്കോഡ് ചെയ്യുന്നുണ്ടെങ്കില്‍ നേരിട്ട് ചെയ്യുമെന്നും സുബൈര്‍ മറുപടി പറഞ്ഞു. ഇതിനിടയിലാണ് കലക്ടര്‍ പൊലീസിനെ വിളിച്ചത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കി. അപമാനിച്ചതില്‍ പ്രതിഷേധിച്ച് ചര്‍ച്ച തുടരാന്‍ താല്‍പര്യമില്ലെന്നറിയിച്ചാണ് എം.എല്‍.എ ഉള്‍പ്പടെയുള്ളവര്‍ ഇറങ്ങി പോയത്.

അതേസമയം, ഇക്കാര്യത്തില്‍ തെറ്റായ വിവരങ്ങളാണ് പരക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പ്രതികരിച്ചു. ആരിക്കാടി വിഷയത്തില്‍ താന്‍ ഒരു യോഗവും വിളിച്ചിട്ടില്ലെന്നും ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസാണിതെന്നും അദ്ദേഹം പറഞ്ഞു. ടോള്‍ഗേറ്റ് തുറക്കുന്നതുമായി തനിക്ക് ബന്ധമില്ല. അതെല്ലാം എന്‍.എച്ച്.എ.ഐ തീരുമാനിക്കേണ്ട കാര്യങ്ങളാണ്. പ്രതിഷേധക്കാര്‍ക്ക് ദേശീയപാതാ അതോറിറ്റിയെയോ കോടതിയെയോ സമീപിക്കാം. താന്‍ നിയമപ്രകാരം മാത്രമാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. കലക്ടറുടെ നടപടിക്കെതിരെ പ്രതിഷേധമറിയിച്ച് എ.കെ.എം അഷ്‌റഫ് എം.എല്‍.എയും സി.പി.എം ജില്ലാ കമ്മിറ്റിയംഗം സി.എ സുബൈറും ഫേസ്ബുക്കില്‍ കുറിപ്പിട്ടിട്ടുണ്ട്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it