ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണമോതിരം മോഷ്ടിച്ച് യുവതി മുങ്ങി

കുമ്പള: ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണമോതിരം മോഷ്ടിച്ച് യുവതി മുങ്ങി. കുമ്പള മീപ്പുഗുരി കോംപ്ലക്സില്‍ നജീബിന്റെ ഉടമസ്ഥതയിലുള്ള സിറ്റി ജ്വല്ലറിയില്‍ നിന്നാണ് മോതിരം കവര്‍ന്നത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മുഖം മറച്ച് പര്‍ദ്ധ ധരിച്ച് ജ്വല്ലറിയിലെത്തിയ 20 വയസ് പ്രായം തോന്നിക്കുന്ന യുവതി മോതിരം സൂക്ഷിച്ച പെട്ടി തുറക്കുകയും മോതിരങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ജ്വല്ലറിയിലെ ജീവനക്കാരന്‍ മാറിയപ്പോള്‍ യുവതി 30,000 രൂപ വിലമതിക്കുന്ന രണ്ട് ഗ്രാം സ്വര്‍ണ്ണമോതിരം കൈക്കലാക്കിയതിന് ശേഷം കൈയില്‍ കരുതിയ ഫാന്‍സി മോതിരം പെട്ടിയില്‍ വെച്ചു. തിരിച്ചുപോകുന്നതിനിടെ മോതിരം എനിക്ക് ആവശ്യമുണ്ടെന്നും ഞാന്‍ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ച് വരാമെന്നും പറഞ്ഞാണ് യുവതി മുങ്ങിയത്. രാത്രി പരിശോധന നടത്തിയപ്പോഴാണ് ഫാന്‍സി മോതിരം കണ്ടെത്തിയത്. സി.സി.ടി.വിയില്‍ യുവതിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം മറച്ചതിനാല്‍ വ്യക്തമായി തിരിച്ചറിയാന്‍ പറ്റുന്നില്ല. ഇന്നുച്ചയോടെ നജീബ് കുമ്പള പൊലീസില്‍ പരാതി നല്‍കും.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it