നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാത്തതിന് കട അടിച്ചുതകര്‍ത്തു; 4 പേര്‍ അറസ്റ്റില്‍

അറസ്റ്റിലായ പ്രതികള്‍
കുമ്പള: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ചോദിച്ചെത്തിയ സംഘം വില്‍പ്പന ഇല്ലെന്ന് പറഞ്ഞപ്പോള്‍ കട അടിച്ചുതകര്‍ത്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പിതാവും രണ്ട് മക്കളും ബന്ധുവുമടക്കം നാലുപേരെ അറസ്റ്റ് ചെയ്തു. പേരാലിലെ സദാശിവന്‍(48), മക്കളായ ശ്രാവണ്‍രാജ്(21), സുദര്‍ശന്‍(25), ബന്ധുവായ ശരത്കുമാര്‍ (25) എന്നിവരെയാണ് കുമ്പള എസ്.ഐ. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് പേരാലിലെ അബ്ദുല്‍ റഹിമാന്റെ ഉടമസ്ഥതയിലുള്ള സി.എം സ്റ്റോര്‍ കടയിലെത്തിയ പ്രതികളിലൊരാള്‍ നിരോധിത ഉല്‍പ്പന്നം ആവശ്യപ്പെട്ടു. ഇത് ഇവിടെ വില്‍പ്പനയില്ലെന്ന് കടയുടമ പറഞ്ഞപ്പോള്‍ നാല് പ്രതികള്‍ ചേര്‍ന്ന് അബ്ദുല്‍ റഹിമാനെയും സഹോദരന്‍ റിഫായിയെയും അക്രമിക്കുകയും ഭീഷണിപ്പെടുത്തിയതിന് ശേഷം സംഘം കട അടിച്ച് തകര്‍ക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാണ്ട് ചെയ്തു.

