കാസര്‍കോട്: മലയോരത്ത് പട്ടികവര്‍ഗ കോളനികളില്‍ ജനാധിപത്യം ഊട്ടിയുറപ്പിച്ച് വെസ്റ്റ് എളേരി കൊളത്തുകാട് ഏകാധ്യാപക സ്‌കൂളില ബൂത്തുകള്‍. ഒരു ബൂത്ത് സ്‌കൂള്‍ കെട്ടിടത്തിലും രണ്ടാമത്തെ ബൂത്ത് സ്‌കൂളിന് മുന്‍വശത്തായി നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡിലുമാണ് പ്രവര്‍ത്തിച്ചത്. കിഴക്കന്‍ മലയോര മേഖലയില്‍ ഭൂമി ശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള ഈ ബൂത്തില്‍ എത്താന്‍ ചെങ്കുത്തായ കയറ്റവും ഇടുങ്ങിയ റോഡുകളിലൂടെയുള്ള യാത്ര വേണം. രണ്ട് കുന്നുകളിലായി 1198 വോട്ടര്‍മാര്‍ ഈ ബൂത്തുകളില്‍ ഉണ്ട്. ഇതില്‍ 30 ശതമാനം പട്ടികവര്‍ഗ വോട്ടര്‍മാരാണ്. ദുര്‍ഘടമായ പാതകള്‍ പിന്നിട്ട് ഇവിടെ എത്താനും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇവിടുത്തെ ജനങ്ങളുടെ പൂര്‍ണ സഹകരണം ഉണ്ടായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ബൂത്തുകളുടെ ബൂത്ത് ലെവല്‍ ഓഫീസര്‍ പി.കെ വിനോദ് ആണ്.
മലയോരമേഖലയില്‍ പോളിംഗ് തുടങ്ങിയ ആദ്യ മണിക്കൂറുകളിലും ഉച്ചതിരിഞ്ഞ് വെയില്‍ താഴ്ന്നതോടെയുമാണ് ആളുകള്‍ ബൂത്തിലെത്തി തുടങ്ങിയത്. ഫ്ളയിംഗ് സ്‌ക്വാഡ്, പൊലീസ് തുടങ്ങിയവയുടെ ടീമുകള്‍ ഓരോ ബൂത്തുകളിലും സന്ദര്‍ശിച്ചു ബൂത്തുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രശ്ന ബാധിത മേഖലകളില്‍ കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്.