തവനൂര്‍: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ തവനൂരില്‍ ജയിച്ചുകയറി കെ ടി ജലീല്‍. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ ജയം ഉറപ്പിച്ച ശേഷവും പിറകില്‍ നിന്ന കെ ടി ജലീല്‍ അവസാന ലാപ്പിലാണ് അപ്രതീക്ഷിതമായി ജയിച്ചുകയറിയത്. നന്മമരമെന്ന് വിശേഷിപ്പിക്കുന്ന കാരുണ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍ ജയിക്കുമെന്ന് ഉറപ്പിച്ചിരുന്നിടത്തുനിന്നാണ് അവസാന റൗണ്ടില്‍ കെ ടി ജലീല്‍ ജയം തട്ടിപ്പറിച്ചത്. 2564 വോട്ടുകള്‍ക്കാണ് ജലീലിന്റെ വിജയം.
കൈപ്പത്തി ചിഹ്നത്തിലാണ് ഫിറോസ് കുന്നുംപറമ്പിലിനെ കളത്തിലിറക്കിയതെങ്കിലും ജലീലിനെ പിടിക്കാനുള്ള കഥയും തിരക്കഥയുമെല്ലാം തയാറാക്കിയത് മുസ്്ലീംലീഗായിരുന്നു. മുസ്ലിം ലീഗ് വിട്ട് വന്ന് ലീഗിന്റെ അതികായന്‍ സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയെ തന്നെ പരാജയപ്പെടുത്തി നിയമസഭയിലെത്തി മൂന്ന് ടേം പൂര്‍ത്തിയാക്കി ഇടതുപക്ഷ മന്ത്രിസഭയിലും ഇടംനേടി മുഖ്യമന്ത്രിയുടെ വിശ്വസ്തനായി മാറിയ ജലീലിനോട് ലീഗിന് ശത്രുത തോന്നുക സ്വാഭാവികം. ഒന്നര പതിറ്റാണ്ടു മുമ്പ് കെ.ടി. ജലീല്‍ സ്വയം പണിതുയര്‍ത്തിയ കോട്ട ഇപ്രാവശ്യം തകര്‍ക്കപ്പെടുമെന്ന് പലരും കരുതിയെങ്കിലും രാഷ്ട്രീയഭാവിക്ക് തന്നെ വെല്ലുവിളിയാകുമായിരുന്ന പരാജയത്തില്‍ നിന്നാണ് ജലീല്‍ ജയിച്ചുകയറിയത്.
മലപ്പുറത്ത് ലീഗ് പയറ്റുന്ന തന്ത്രങ്ങളിലെല്ലാം മാസ്റ്ററെടുത്ത ശേഷമാണ് താന്‍ ഇടതുപക്ഷത്തിന്റെ ഭാഗമായതെന്ന ആത്മവിശ്വാസത്തോടെയാണ് കെ.ടി. ജലീല്‍ ഇപ്രാവശ്യം മത്സരത്തിനിറങ്ങിയതെങ്കിലും വിജയം പ്രവചിക്കാനാവാത്തതായിരുന്നു. ഒടുവില്‍ വോട്ടെണ്ണല്‍ ദിനത്തിലും ആദ്യം കയ്യാലപ്പുറത്തെ തേങ്ങ പോലെ എങ്ങോട്ടും വീഴാമെന്ന നിലയില്‍ നിന്ന ശേഷം മണിക്കൂറുകളോളം പിറകിലയാപ്പോള്‍ പലരും തോല്‍വി മണത്തു. ലോകായുക്ത റിപോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞ മന്ത്രിസഭയില്‍ നിന്ന് അവസാന ദിനങ്ങളില്‍ രാജിവെക്കേണ്ടിവന്ന ജലീലിന് ഈ ജയം അനിവാര്യമായിരുന്നു.
സന്നദ്ധപ്രവര്‍ത്തകനായ ഫിറോസ് കുന്നുംപറമ്പില്‍ പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം കുതിച്ചതോടെ തവനൂര്‍ മണ്ഡലം രൂപീകൃതമായ ശേഷം കണ്ട കടുത്ത പോരാട്ടമായിരുന്നു ഈ തെരഞ്ഞെടുപ്പിലേത്. പഴയ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയിലുണ്ടായിരുന്ന രാഷ്ട്രീയ വ്യക്തിബന്ധങ്ങള്‍ വോട്ടാക്കി മാറ്റുന്ന ജലീലിന്റെ പരമ്പാരഗത തെരഞ്ഞെടുപ്പു തന്ത്രം ഇപ്രാവശ്യം തടയുകയായിരുന്നു യുഡിഎഫ് ലക്ഷ്യം. ഒപ്പം കാരുണ്യപ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ ഫിറോസിന്റെ ജനസമ്മിതി കൂടി വോട്ടാക്കി മാറ്റിയാല്‍ മലപ്പുറത്തിന്റെ സുല്‍ത്താന്‍ എന്ന് പേരെടുത്ത കെ ടി ജലീലിനെ എളുപ്പം വീഴ്ത്താമെന്നായിരുന്നു യുഡിഎഫ് കണക്കുകൂട്ടല്‍. എന്നാല്‍ ഇടതുതരംഗത്തില്‍ എല്ലാം നിഷ്ഫലമായി.
സിപിഎം സഹയാത്രികനായി നാലാമത്തെ തെരഞ്ഞെടുപ്പിനെ നേരിടുമ്പോഴും അംഗത്വമില്ലാതെ തന്നെ പാര്‍ട്ടി കേഡറിനു നല്‍കുന്ന എല്ലാം പിന്തുണയും ജലീലിന് സിപിഎം നല്‍കുന്നുണ്ട്. ഇനിയും ആ പിന്തുണ തുടരുമെന്ന് തന്നെയാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനയും.