തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും തുറന്നടിച്ച് മുന്‍മന്ത്രി കെ.ടി. ജലീല്‍. പാണക്കാട് തങ്ങള്‍ കുടുംബത്തെ വരുതിയിലാക്കാമെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിചാരമെങ്കില് ആ വിചാരം തെറ്റാണെന്നും മുഈന്‍ അലി തങ്ങള്‍ക്കെതിരെയുള്ള നടപടി തുടരാനാണ് ഭാവമെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും ജലീല്‍ പറഞ്ഞു. ഇ.ഡിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ എനിക്ക് പുറത്തു വിടേണ്ടി വരും. അതോടെ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ജലീല്‍ മുന്നറിയിപ്പ് നല്കി.
സത്യം വിളിച്ചുപറഞ്ഞ പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ക്കെതിരെ ചോറ്റുപട്ടാളത്തെ ഉപയോഗിച്ച് ലീഗ് നേതൃയോഗത്തില്‍ നടപടിയെടുപ്പിക്കാമെന്നാണ് ഭാവമെങ്കില്‍ അതിന് കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടി വരും. ഇ.ഡിയുമായി ബന്ധപ്പെട്ട വിഷയം പാണക്കാട് കുടുംബത്തിലെ അംഗങ്ങളോട് കുഞ്ഞാലിക്കുട്ടി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ശബ്ദരേഖകള്‍ അറ്റകൈക്ക് പുറത്തുവിടേണ്ടി വരും. അത് പുറത്തുവന്നാല്‍ അദ്ദേഹത്തിന് രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കേണ്ടി വരും. ആ നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സൂക്ഷിച്ചുകൈകാര്യം ചെയ്താല്‍ കുഞ്ഞാലിക്കുട്ടിക്ക് നല്ലതാണെന്നും ജലീല്‍ പറഞ്ഞു. പാണക്കാട് കുടുംബത്തെ വരുതിയില്‍ നിര്‍ത്താമെന്ന് കുഞ്ഞാലിക്കുട്ടി വിചാരിക്കുന്നുണ്ടെങ്കില് ആ വിചാരം തെറ്റാണെന്നും 2006ല്‍ സംഭവിച്ചതല്ല സംഭവിക്കുക, അതിന്റെ അപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും കെ.ടി. ജലീല്‍ പ്രതികരിച്ചു.