തൃശൂര്‍: ദേശീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ തട്ടിയെടുത്ത കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസില്‍ വാഹന ഉടമയ്ക്ക് ആര്.എസ്.എസ് ബന്ധമുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍. കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നത് വഴി ഇക്കാര്യം തെളിയിക്കാന്‍ സാധിക്കുമെന്നും എസ്.പി പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു. ഏപ്രില്‍ മൂന്നിനായിരുന്നു കൊടകരയില്‍ പണം കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് കാട്ടി കോഴിക്കോട് സ്വദേശി ധര്മ്മജന് കൊടകര പൊലീസില്‍ പരാതി നല്‍കിയത്.
കേസില്‍ ഒരു യുവമോര്‍ച്ച പ്രവര്‍ത്തകനേയും ചോദ്യം ചെയ്തു. അതേസമയം സസ്പെന്‍ഷനിലായ പൊലീസുകാര്‍ക്ക് കേസുമായി ബന്ധമില്ലെന്നും പരാതിയില്‍ പറഞ്ഞിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ പണം പിടിച്ചെടുത്തിട്ടുള്ളതായും എസ്.പി പറഞ്ഞു. വസ്തുകച്ചവടവുമായി ബന്ധപ്പെട്ട് കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ ദേശീയ പാതയില്‍ കൊടകരയില്‍ വെച്ച് കൃത്രിമ വാഹനാപകടം ഉണ്ടാക്കി തട്ടിയെടുത്തു എന്നായിരുന്നു ധര്‍മ്മരാജന്റെ പരാതി.
ദേശീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടി രൂപയോളമാണ് കവര്‍ന്നതെന്നാണ് പോലീസ് പറയുന്നത്. അതേസമയം കേസുമായോ പണവുമായോ ബിജെപിക്ക് ബന്ധമില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറയുന്നത്.