വയനാടിന് പ്രിയങ്കരിയായി പ്രിയങ്കാ ഗാന്ധി ; ഭൂരിപക്ഷം നാല് ലക്ഷം കടന്നു
രാഹുല്‍ ഗാന്ധി 2024ല്‍ നേടിയ ഭൂരിപക്ഷം മറികടന്നു
യു.ഡി.എഫിന്റെ പ്രതീക്ഷകള്‍ ഇത്തവണയും ചുരമിറങ്ങിയില്ല. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വയനാടന്‍ ജനത ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. സഹോദരന്‍ രാഹുല്‍ ഗാന്ധി 2024 ല്‍ നേടിയ ഭൂരിപക്ഷവും മറികടന്ന് പ്രിയങ്കയുടെ ഭൂരിപക്ഷം നാല് ലക്ഷം കടന്നു. എന്നാല്‍ 2019ല്‍ രാഹുല്‍ ഗാന്ധി നേടിയ നാലര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് മറികടക്കാനായില്ല.
ഇത്തവണ വയനാട്ടിലെ പോളിംഗ് ശതമാനത്തിലെ കുറവിലായിരുന്നു എല്‍.ഡി.എഫിന്റെയും എന്‍.ഡി.എയുടെയും കണ്ണ്. കഴിഞ്ഞതവണ 73.57 ശതമാനമായിരുന്നുപോളിംഗ്. എന്നാല്‍ ഇത്തവണ പോളിംഗ് 64.27 ശതമാനമായി കുറഞ്ഞു. പോളിംഗ് ശതമാനം കുറഞ്ഞത് വോട്ടായി കിട്ടുമെന്നും സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാകുമെന്നും കരുതിയ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രതീക്ഷകള്‍ക്ക് വിള്ളല്‍ വീഴ്ത്തിയാണ് പ്രിയങ്കയുടെ വമ്പന്‍ കുതിപ്പ്. തുടക്കം മുതല്‍ ശക്തമായ മേധാവിത്തം പുലര്‍ത്തിയ പ്രിയങ്കയ്ക്ക് മുന്നില്‍ എല്‍.ഡി.എഫിനും എന്‍.ഡി.എക്കും കാലിടറി. 4,10,931 ഭൂരിപക്ഷത്തോടെ 6,22,338 വോട്ടുകള്‍ നേടി പ്രിയങ്കാ ഗാന്ധി ഏകപക്ഷീയമായ വിജയം നേടിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി രണ്ടാം സ്ഥാനത്തേക്കും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. 2,11,407 വോട്ടുകള്‍ എല്‍.ഡി.എഫിനും 1,09939 വോട്ടുകള്‍ എന്‍.ഡി.എക്കും കിട്ടി.