കോളേജ് ഹോസ്റ്റലില്‍ നിന്ന് 2 കിലോ കഞ്ചാവ് പിടികൂടി; യൂണിയന്‍ സെക്രട്ടറിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി: കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടി. എസ്.എഫ്.ഐ നേതാവടക്കം രണ്ടുപേര്‍ അറസ്റ്റിലായി. മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി കൂടിയായ കരുനാഗപള്ളി സ്വദേശി അഭിരാജ്, ആദിത്യന്‍ എന്നിവരാണ് പിടിയിലായത്. കോളേജ് ഹോസ്റ്റലില്‍ നിന്ന് 2 കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പിടിച്ചെടുത്തത്. 2 എഫ്.ഐ.ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യത്തെ എഫ്.ഐ.ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. രണ്ടാമത്തെ എഫ്.ഐ.ആറിലാണ് അഭിരാജും ആദിത്യനും പ്രതികള്‍. കവര്‍ ഉള്‍പ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍ നിന്ന് പിടിച്ചെടുത്തത്. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു. ഡാന്‍സാഫ് സംഘം റെയ്ഡിനായി ഹോസ്റ്റലില്‍ എത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ കൊച്ചി നര്‍ക്കോട്ടിക് സെല്‍ എ.സി.പി അബ്ദുല്‍സലാം പറഞ്ഞു. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയെ പിടിച്ചപ്പോഴാണ് ഹോസ്റ്റലിലെ കഞ്ചാവ് വില്‍പ്പനയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തൂക്കി വില്‍പ്പനക്കുള്ള ത്രാസും കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തി. ഇത്രയധികം അളവില്‍ കോളേജ് ഹോസ്റ്റലില്‍ നിന്ന് ലഹരി കണ്ടെത്തിയത് പൊലീസിനെ പോലും ഞെട്ടിച്ചു. രാത്രി തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെ നാല് മണി വരെ നീണ്ടു. ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it