രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍കാലികമായി തടഞ്ഞു
കേസ് ഡയറി ഹാജരാക്കണം, ഹര്‍ജിയില്‍ 15ന് വാദം കേള്‍ക്കും

കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താല്‍കാലികമായി തടഞ്ഞ് ഹൈക്കോടതി. ഹര്‍ജി 15ന് വീണ്ടും പരിഗണിക്കും. വിശദവാദം കേള്‍ക്കണമെന്ന് കോടതി വ്യക്തമാക്കി. 32-ാം ഐറ്റമായിട്ടാണ് പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍ സിറ്റിംഗ് തുടങ്ങിയ ഉടന്‍ തന്നെ രാഹുലിന്റെ അഭിഭാഷകന്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട കാര്യം അറിയിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ് പറഞ്ഞത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് രാഹുല്‍ ഇന്നലെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
തല്‍ക്കാലത്തേക്ക് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഹര്‍ജിയില്‍ വാദം കേട്ടിട്ടില്ല. വിശദമായ വാദം കേട്ടതിന് ശേഷമേ ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലേക്ക് പോകാവൂ എന്ന് ജസ്റ്റീസ് കെ. ബാബുവിന് മുന്നില്‍ അഭിഭാഷകന്‍ ഉന്നയിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതായും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തല്‍ക്കാലത്തേക്ക് തടയുന്നതായും ജസ്റ്റിസ് കെ. ബാബു അറിയിച്ചത്.
അതിനിടെ പത്താം ദിവസവും രാഹുല്‍ ഒളിവില്‍ തുടരുകയാണ്.

