തന്ത്രി ജയിലില്‍; കുരുക്ക് മുറുകുന്നു

ഇന്ന് വീട്ടില്‍ പരിശോധന

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ രാത്രി വൈകി തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലെത്തിച്ചു. കൊല്ലം വിജിലന്‍സ് കോടതി റിമാണ്ട് ചെയ്തതിനെ തുടര്‍ന്നാണ് ജയിലിലാക്കിയത്. 14 ദിവസത്തേക്കാണ് തന്ത്രിയെ റിമാണ്ട് ചെയ്തത്. ജയിലില്‍ എത്തിച്ചപ്പോഴും തന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ നിരപരാധിയാണെന്നായിരുന്നു രാജീവരുടെ പ്രതികരണം. കുടുക്കിയതാണോയെന്ന ചോദ്യത്തിന് ഉറപ്പ് എന്നും തന്ത്രി മറുപടി നല്‍കി.

അതേസമയം, കേസില്‍ തന്ത്രി രാജീവര് കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ 13ന് പരിഗണിക്കും. തന്ത്രി കണ്ഠരര് രാജീവരുടെ കുരുക്ക് മുറുകുന്നു. ദ്വാരപാലക ശില്‍പ്പ കേസിലും തന്ത്രിയെ പ്രതി ചേര്‍ക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ ഇന്ന് എസ്.ഐ.ടി പരിശോധന നടത്തും.

തന്ത്രി ദേവസ്വം മാനുവല്‍ ലംഘനത്തിന് കൂട്ടുനിന്നെന്നും സ്വര്‍ണം ചെമ്പാക്കിയ മഹസ്സറില്‍ ഒപ്പിട്ടു, യു.ബി ഗ്രൂപ്പ് സ്വര്‍ണം പൂശിയതിതില്‍ തന്ത്രിക്ക് വ്യക്തമായ അറിവുണ്ടെന്നുമുള്ള കാര്യങ്ങള്‍ എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. ദേവസ്വം മാന്വലില്‍ തന്ത്രിയുടെ കടമകള്‍ വ്യക്തമാണെന്നും അസി.കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനുള്ള ഉത്തരവാദിത്വങ്ങള്‍ തന്ത്രിക്കുമുണ്ടെന്നും എസ്.ഐ.ടി വ്യക്തമാക്കി. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ 11 അറസ്റ്റാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരിക്കുന്നത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it