ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് നിരവധി പദ്ധതികള്‍ സമ്മാനിച്ച ശൂരനാട് രാജശേഖരന്‍ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡണ്ടുമായ ഡോ. ശൂരനാട് രാജശേഖരന്‍(75) അന്തരിച്ചു. കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടായിരിക്കെ പലതവണ കാസര്‍കോട് സന്ദര്‍ശിക്കുകയും ജില്ലയുടെ സ്‌പോര്‍ട്‌സ് മേഖലയുടെ വികസനത്തിന് വേണ്ടി പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിരുന്നു. വിദ്യാനഗറില്‍ ജില്ലാ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാക്കുന്നതിലടക്കം ശൂരനാട് രാജശേഖരന്റെ വിലപ്പെട്ട സംഭാവനകളുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലരയോടെ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. നിലവില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററുമാണ്. തന്റെ മരണ ശേഷം പൊതുദര്‍ശനം പാടില്ലെന്നും മൃതദേഹം മോര്‍ച്ചറിയില്‍ വെക്കരുതെന്നും അദ്ദേഹം കുടുംബത്തോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് ചാത്തന്നൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കൊല്ലം പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് സ്ഥാനവും വഹിച്ചിരുന്നു.