രാഹുല്‍ കാസര്‍കോട്ട് കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹം
ബംഗളൂരുവില്‍ എത്തിച്ച ഡ്രൈവര്‍ പിടിയില്‍

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ ബംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍. ബംഗളൂരുവിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്. വര്‍ഷങ്ങളായി റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഇയാള്‍ ഇന്നലെ കസ്റ്റഡിയിലായതിനെ തുടര്‍ന്ന് പ്രത്യേക കേന്ദ്രത്തിലേക്ക് അന്വേഷണ സംഘം എത്തിയെങ്കിലും എന്നാല്‍ അവിടെയും രാഹുലിനെ കണ്ടെത്താന്‍ സാധിച്ചില്ല.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍കോട്ടെയോ കാഞ്ഞങ്ങാട്ടെയോ കോടതിയില്‍ കീഴടങ്ങാനുള്ള സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. ഈ സാഹചര്യത്തില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, എട്ടാം ദിവസവും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയിലാണെന്ന് കണ്ടെത്തി. ഇതോടെ കര്‍ണാടക-കേരള അതിര്‍ത്തിയില്‍ തിരച്ചില്‍ ശക്തമാക്കി.
എം.എല്‍.എ ഒളിവില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഇന്ന് എട്ടാം ദിനമാണ്. പൊലീസില്‍ നിന്ന് വിവരം ചോരുന്നതായി അന്വേഷണ സംഘത്തിനു സംശയമുണ്ട്. എസ്.ഐ.ടി നീക്കങ്ങള്‍ രഹസ്യമായിരിക്കണമെന്നാണ് ഉന്നതതല നിര്‍ദേശം.
ഇന്നലെ വൈകിട്ടോടെ രാഹുല്‍ പിടിയിലായതായി അഭ്യൂഹങ്ങള്‍ പരന്നെങ്കിലും രാഹുലിനെ കണ്ടെത്താന്‍ പോലും സാധിച്ചിട്ടില്ല എന്നാണ് പൊലീസ് ഔദ്യോഗികമായി പറയുന്നത്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങള്‍ പുറത്തുവന്നു. 2023ലാണ് രാഹുല്‍ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നും ക്രൂരപീഡനമാണ് നടത്തിയതെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്. യുവതിയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. ഇരയുടെ ടെലിഗ്രാം നമ്പര്‍ വാങ്ങിയശേഷം വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് പരാതിക്കാരിയെ പീഡിച്ചതെന്നും എഫ്.ഐ.ആറിലുണ്ട്.
ഇന്നലെ 4 സ്ഥലങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. വാഹനങ്ങളില്‍ മാറി മാറി സഞ്ചരിക്കുന്ന രാഹുലിന് അവിടുത്തെ ആളുകളുടെ സഹായം ലഭിക്കുകയും ചെയ്യുന്നുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. കര്‍ണാടകയില്‍ രാഹുലിനായി വ്യാപക തിരച്ചിലാണ് നടത്തുന്നത്. ഇന്നലെ ബംഗളൂരുലെ ഒരു കേന്ദ്രത്തില്‍ രാഹുലെത്തിയ വിവരത്തില്‍ വീട് വളഞ്ഞ് പരിശോധന നടന്നിരുന്നു.

