സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്.

ഫെങ്കല്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി , തൃശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്.അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധിയിലാണ്. എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്നതിനാല്‍ ഇത് മലവെള്ളപ്പാച്ചിലേക്കും മിന്നല്‍ പ്രളയം പോലുള്ള സാഹചര്യത്തിലേക്കും വഴി വച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. അടുത്ത നാല് ദിവസത്തേക്ക് ജാഗ്രതാനിര്‍ദേശം ഉള്ളതിനാല്‍ കേരള തീരത്ത് നാലാം തീയതി വരെയും ലക്ഷദ്വീപ് തീരത്ത് അഞ്ചാം തീയതി വരെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം നല്‍കി.

അതിതീവ്ര മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ തയ്യാറാവണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. റെഡ്, ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it