ഷൈന്‍ ടോം കേസില്‍ പൊലീസിന് കനത്ത തിരിച്ചടി

ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടുമ്പോള്‍ ലഹരി ഉപയോഗിച്ചതിന് തെളിവില്ല

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പൊലീസിന് തിരിച്ചടി. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ പൊലീസിന് തെളിയിക്കാനായില്ല. ഇന്നലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഹോട്ടല്‍ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്. പൊലീസ് സംഘം ഹോട്ടലിന്റെ താഴെ എത്തിയ വിവരം അറിഞ്ഞ ഷൈന്‍ ടോം ചാക്കോ ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നായിരുന്നു പൊലീസ് വിശദീകരണം. കേരളത്തില്‍ ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു ഇത്. ഷൈന്‍ ടോം ചാക്കോയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈന്‍ ടോം ചാക്കോയ്ക്ക് ബന്ധമില്ലെന്ന് മുമ്പ് എക്‌സൈസ് വ്യക്തമാക്കിയിരുന്നു. ഈ കേസില്‍ പിടിക്കപ്പെട്ട തസ്‌ലിമയുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താന്‍ ഷൈനെ വിളിച്ചുവരുത്തിയിരുന്നു. താന്‍ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും മെത്തഫിറ്റമിന്‍ ആണ് ഉപയോഗിച്ചിട്ടുള്ളതെന്നുമാണ് ഷൈന്‍ അന്ന് മൊഴി നല്‍കിയത്. ലഹരി വിമുക്തിക്കായി ഷൂട്ടിങ് വരെ മാറ്റിവെച്ച് ഡി അഡിക്ഷന്‍ സെന്ററിലാണെന്നും തസ്ലീമയുമായി ലഹരി ഇടപാടുകളില്ലെന്നും ഷൈന്‍ മൊഴി നല്‍കിയിരുന്നു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it