പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കും

ജഡ്ജിയുടെ വീട്ടിലെ കണക്കില്‍പെടാത്ത പണം

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പെടാത്ത പണം കണ്ടെത്തിയെന്ന കേസില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കും.

സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് വേണ്ടി ഫോണുകള്‍ പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്. ജസ്റ്റിസ് യശ്വന്ത് ശര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ പണം കണക്കില്‍ പെടാത്തതാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സ്ഥലംമാറ്റം സംബന്ധിച്ച് കേന്ദ്രം ഉടന്‍ തീരുമാനമെടുക്കും. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ സ്ഥലം മാറ്റുന്നത് ഡല്‍ഹി ഹൈക്കോടതിയില്‍ ഭരണപ്രതിസന്ധി ഒഴിവക്കാനാണെന്നാണ് വിശദീകരണം.

സാധാരണ ജഡ്ജിമാര്‍ക്കെതിരെയുള്ള അന്വേഷണ വിവരം രഹസ്യമായി വെയ്ക്കുകയാണ് പതിവ്. അതിനാല്‍ എല്ലാ രേഖകളും പ്രസിദ്ധീകരിച്ചതില്‍ കൊളീജിയത്തിലെ രണ്ടു ജഡ്ജിമാര്‍ക്ക് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടും വന്നിരുന്നു.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും മറ്റു നടപടികള്‍ നിര്‍ത്തിവെച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ എം.പിമാര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ ജസ്റ്റീസ് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് അയക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശക്കെതിരെ കടുത്ത പ്രതിഷേധമാണ് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ നടത്തുന്നത്. കോടതി നടപടികള്‍ ബഹിഷ്‌കരിച്ചുള്ള സമരത്തിനാണ് അസോസിയേഷന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ജഡ്ജിയെ ഇംപീച്ച് ചെയ്യണം എന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ചീഫ് ജസ്റ്റിസിന് കത്തും നല്‍കിയിരുന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്‌ക്കെതിരെ നിലവില്‍ സുപ്രീംകോടതി ആഭ്യന്തര സമിതിയുടെ അന്വേഷണം തുടരുകയാണ്.

ജസ്റ്റിസ് വര്‍മ്മയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി സമിതി സാങ്കേതിക വിദഗ്ധരുടെ സഹായം തേടും. ദൃശ്യത്തിലുള്ളത് വര്‍മ്മയുടെ വീട്ടിലെ സ്റ്റോര്‍ റൂമാണോ എന്നും വിദഗ്ധര്‍ പരിശോധിക്കും. സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് മേധാവി അതുല്‍ ഗാര്‍ഗിന്റെ പ്രാഥമിക മൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it