കൊല്ലത്ത് ഭാര്യയെ തീ കൊളുത്തിയതിന് കാരണം സംശയ രോഗം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
അനിലയും ഹനീഷും തമ്മിലുള്ള സൗഹൃദമാണ് കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് പത്മരാജന്‍
കൊല്ലം ചെമ്മാമുക്കില്‍ ഭാര്യയെ പ്രെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അനിലയെ ഭര്‍ത്താവ് പത്മരാജന്‍ കൊലപ്പെടുത്താന്‍ കാരണം സംശയരോഗമാണെന്ന് പൊലീസ് എഫ്.ഐ.ആര്‍. അനിലയുടെ ബേക്കറി നടത്തിപ്പില്‍ പങ്കാളിയായിരുന്ന ഹനീഷുമായി സൗഹൃദത്തിലായിരുന്നു. ഈ സൗഹൃദം പത്മരാജന്‍ നേരത്തെ എതിര്‍ത്തിരുന്നു. ഹനീഷും അനിലയും തമ്മിലുണ്ടായിരുന്ന ഇടപാടുകളും സൗഹൃദവുമാണ് കൊല ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പത്മരാജന്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ചൊവ്വാഴ്ച രാത്രിയോടെ അനിലയും ബേക്കറിയിലെ തൊഴിലാളിയായ സോണിയും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞാണ് പത്മരാജന്‍ തീയിട്ടത്. അനില ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. സോണി പരിക്കുകളോടെ ചികിത്സയിലാണ്. സോണിയുടെ പരാതിയിലും പത്മരാജനെതിരെ വധശ്രമ കുറ്റത്തിന് കേസെടുക്കും. എന്നാല്‍ കാറില്‍ അനിലയോടൊപ്പം ഉണ്ടായിരുന്നത് ഹനീഷ് ആണെന്ന് തെറ്റിദ്ധരിച്ചാണ് തീ കൊളുത്തിയതെന്നും പത്മരാജന്‍ മൊഴി നല്‍കി.