പൊന്നല്ല, നീ ലക്ഷാധിപതിയാണ്; പവന് 1,01,600 രൂപ

തിരുവനന്തപുരം: സ്വര്‍ണം ലക്ഷാധിപതിയായി. ഒരു പവന്‍ സ്വര്‍ണത്തിന് 1,01,600 രൂപയാണ് ഇന്നത്തെ വില. സകല റെക്കോര്‍ഡുകളും തകര്‍ത്താണ് സ്വര്‍ണ്ണവില കുതിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ 12,700 രൂപ നല്‍കണം. കഴിഞ്ഞ കുറച്ച് നാളുകളായി സ്വര്‍ണ വില മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡിന്റെ സമയത്ത് സ്വര്‍ണ്ണത്തിന് 40000 രൂപയായിരുന്നു വില. 5 വര്‍ഷത്തിന് ശേഷം വില ഒരു ലക്ഷത്തിനപ്പുറം കടന്നിരിക്കുകയാണ്. അത്രത്തോളം വലിയ കുതിപ്പാണ് സ്വര്‍ണ്ണവിലയിലുണ്ടായിരിക്കുന്നത്. ഡിസംബര്‍ 15നാണ് ചരിത്രത്തിലാദ്യമായി സ്വര്‍ണ്ണവില 99,000 കടന്നത്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് യു.എസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡിമാന്‍ഡ് നിലനില്‍ക്കുന്നതും കാരണമാണ് സ്വര്‍ണ്ണവില എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് എത്താന്‍ കാരണമായത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണവിലയെ സ്വാധീനിക്കുന്നത്.

