2016ലെ കേരളമല്ല ഇന്ന്; മുന്നേറിയ കേരളത്തിന്റെ നാള്‍വഴികള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

വികസിത കേരളത്തെ കാര്‍മേഘങ്ങള്‍ കൊണ്ട് മറയ്ക്കാനും തര്‍ക്കങ്ങള്‍ കൊണ്ട് മൂടിവെക്കാനും അനുവദിക്കാന്‍ പറ്റില്ല.

കാഞ്ഞങ്ങാട്: രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പടന്നക്കാട്ടെ ബേക്കല്‍ ക്ലബ്ബില്‍ തിങ്കളാഴ്ച രാവിലെ, വിവിധ മേഖലകളിലെ ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ യോഗത്തില്‍ കഴിഞ്ഞ 9 വര്‍ഷം കൊണ്ട് ഇടതുമുന്നണി സര്‍ക്കാര്‍ സംസ്ഥാനത്ത് വിവിധ മേഖലകളില്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ എണ്ണിയെണ്ണി നിരത്തുകയുണ്ടായി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ ഹ്രസ്വമായ സ്വാഗതഭാഷണം. ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷ പ്രസംഗവും അധികം നീണ്ടില്ല. 'കഴിഞ്ഞ 4 വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ജനങ്ങളറിയണം. അത് അറിയിക്കാന്‍ വേണ്ടിയാണ് ഈ വാര്‍ഷിക പരിപാടി. വികസിത കേരളത്തെ കാര്‍മേഘങ്ങള്‍ കൊണ്ട് മറയ്ക്കാനും തര്‍ക്കങ്ങള്‍ കൊണ്ട് മൂടിവെക്കാനും അനുവദിക്കാന്‍ പറ്റില്ല. ഒരുതരത്തില്‍ പറഞ്ഞാല്‍ ഇടത് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളുടെ സോഷ്യല്‍ ഓഡിറ്റിങ്ങാണ് വാര്‍ഷിക പരിപാടിയിലൂടെ നടത്താന്‍ ശ്രമിക്കുന്നത്. അതൊരു ധൂര്‍ത്തല്ല, അലങ്കാരവുമല്ല'-മന്ത്രി എ.കെ ശശീന്ദ്രന്‍ തന്റെ വാക്കുകള്‍ ചുരുക്കി.

എന്നാല്‍ മുഖ്യമന്ത്രി ഏറെനേരം സംസാരിച്ചു. കഴിഞ്ഞ 4 വര്‍ഷത്തെ മാത്രമല്ല, 2016 മുതലുള്ള 9 വര്‍ഷത്തെ ഇടതു സര്‍ക്കാറിന്റെ വികസന നേട്ടങ്ങളെ, കേരളത്തില്‍ കൊണ്ടുവന്ന സമൂലമായ മാറ്റങ്ങളെ അദ്ദേഹം എണ്ണിയെണ്ണി വിവരിച്ചപ്പോള്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍പെട്ട അഞ്ഞൂറോളം വരുന്ന സദസ്യര്‍ മുഖ്യമന്ത്രിയെ സാകൂതം കേട്ട് ഇരുന്നു. ചടങ്ങ് അരമണിക്കൂര്‍ വൈകിയതിലുള്ള പ്രയാസം പങ്കുവെച്ചാണ് പിണറായി വിജയന്‍ സംസാരിച്ചു തുടങ്ങിയത്.

'ഇടത് സര്‍ക്കാര്‍ 9 വര്‍ഷം പൂര്‍ത്തിയാകുന്നു. 2016ലെ കേരളത്തിന്റെ പൊതുവായ അവസ്ഥ എന്തായിരുന്നു. പശ്ചാത്തല വികസനത്തില്‍ കേരളം വളരെ പിന്നിലായിരുന്നു. പൊതു വിദ്യാഭ്യാസ രംഗം വരെ തകര്‍ച്ച നേരിട്ടു. കുട്ടികള്‍ കൊഴിഞ്ഞുപോവുന്നു. സ്‌കൂളുകള്‍ അനാഥമാവുന്നു. അഞ്ച് ലക്ഷം വിദ്യാര്‍ത്ഥികളാണ് അന്നത്തെ കണക്കനുസരിച്ച് കൊഴിഞ്ഞുപോയത്.

ഉന്നത വിദ്യാഭ്യാസ മേഖല സ്തംഭിച്ച് നില്‍ക്കുന്ന നിലയിലായിരുന്നു. ഭരണത്തിന്റെ പൊതു രീതികള്‍, സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഇത് വലിയ തോതിലുള്ള അതൃപ്തി ഉണ്ടാക്കി. നേരെ ചൊവ്വേ കാര്യങ്ങള്‍ നടന്നില്ല. സ്വന്തമായി കിടപ്പാടം എന്നത് പലര്‍ക്കും സ്വപ്നമായി. പലരും ആ സ്വപ്നം പൂവണിയാതെ കണ്ണടച്ചു.

ക്ഷേമ പെന്‍ഷന്‍ 2016ല്‍ കടലാസില്‍ കിടക്കുകയായിരുന്നു. കടലാസില്‍ ഉള്ളത് പ്രകാരം ഒരാള്‍ക്ക് 600 രൂപ ലഭിക്കണം. പക്ഷെ, 18 മാസമായി കുടിശികയിലായിരുന്നു. പൊതുവെ എല്ലാവരും നിരാശയിലായിരുന്നു. ഇവിടെ ഒന്നും നടക്കില്ല എന്ന ശാപവചനങ്ങള്‍ കേള്‍ക്കുന്ന അവസ്ഥയായി. അങ്ങനെയൊരു ഘട്ടത്തിലാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നത്. ഒരു മിഷന്‍ മോഡില്‍ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

നാടിന്റെ ആവശ്യങ്ങള്‍ വളരെ വലുതാണ്. അത് നിര്‍വഹിക്കാനുള്ള പണം കയ്യിലില്ല. പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കും. കിഫ് ബി നിയമം പരിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതോടെ വന്‍ ഉദ്യമങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞു. ദേശീയപാതയുടെ വികസനത്തിന് തുടക്കം കുറിക്കണമെങ്കില്‍ ഭൂമി ഏറ്റെടുത്ത് കൊടുക്കണമായിരുന്നു.

നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ പറഞ്ഞു; നിങ്ങളുടെ നാട്ടില്‍ ഭൂമിക്ക് വലിയ വിലയാണെന്ന്, തങ്ങള്‍ക്കത് നല്‍കാനാവില്ലെന്നും. അതോടെ ഏറ്റെടുക്കുന്ന ഭൂമിയുടെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ടിവന്നു. 5600 കോടി രൂപയാണ് അതിന് വേണ്ടി വന്നത്. ഇത്തരത്തില്‍ ഒട്ടേറെ പദ്ധതികള്‍ നമ്മുടെ സംസ്ഥാനത്ത് കിഫ് ബിയുടെ പണം ഉപയോഗിച്ച് നടപ്പാക്കാന്‍ കഴിഞ്ഞു. ദേശീയപാത ഇപ്പോള്‍ പൂര്‍ണ്ണാവസ്ഥയില്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു. നിങ്ങള്‍ ഇതൊക്കെ കാണുന്നുണ്ടല്ലോ.

ദേശീയപാതാ വികസനം പോലെ തന്നെ ഉള്‍വലിയാല്‍ ഒരുങ്ങിയ പദ്ധതിയായിരുന്നു ഗെയില്‍ പദ്ധതി. ഇടത് മുന്നണി സര്‍ക്കാര്‍ അതിനെ തിരിച്ചുകൊണ്ടുവന്നു. പദ്ധതി പൂര്‍ത്തിയായി. ഗ്യാസ് ആ പൈപ്പിലൂടെ പ്രവഹിക്കുകയായി.പൊതു വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടായി. പശ്ചാത്തല സൗകര്യം വികസിപ്പിച്ചു. അയ്യായിരം കോടി രൂപ ചെലവഴിച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം ഒന്നാം സ്ഥാനത്ത് ആണെന്ന പെരുമ നേടിയെടുക്കാനായി. വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോവുന്ന അവസ്ഥ മാറി. 10 ലക്ഷം കുട്ടികള്‍ തിരിച്ചുവന്നു.

ആരോഗ്യമേഖലയില്‍ ആര്‍ദ്ര മിഷന്‍ നടപ്പിലാക്കി. പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രങ്ങളായി. 2016ന് ശേഷം ദുരന്തങ്ങളുടെ വല്ലാത്തൊരു കാലമായിരുന്നു. ആദ്യം നിപ. പിന്നെ ഓഖി. 2018ലെ നൂറ്റാണ്ടിലെ പ്രളയം. 2019ലെ കാലവര്‍ഷക്കെടുതി, പിന്നാലെ ലോകത്തെ തന്നെ സ്തംഭനാവസ്ഥയിലാക്കിയ കോവിഡ് മഹാമാരി.

മുണ്ടക്കൈ, ചൂരിമല ദുരന്തങ്ങള്‍... നാട് വലിയ പ്രതിസന്ധിയിലായി. ഇതിനിടയില്‍ പല ദുഷ്പ്രചരണങ്ങളും ഉണ്ടായി. കടക്കെണി സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന കണക്കുകള്‍ പ്രചരിപ്പിച്ചു. സത്യം നേരെ മറിച്ചായിരുന്നു. പ്രതിസന്ധികളെ മറികടന്ന് സര്‍ക്കാര്‍ മുന്നേറി. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ 1,600 രൂപയാക്കി. അത് കടലാസില്‍ മാത്രമായിരുന്നില്ല, അര്‍ഹതപ്പെട്ടവരുടെ കയ്യില്‍ നേരിട്ടെത്തി.

ലൈഫ് പദ്ധതിയുടെ ഭാഗമായി നാലരലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് വീട് നല്‍കി. അതിപ്പോള്‍ 5 ലക്ഷമാവാന്‍ പോവുന്നു. ഈ വരുന്ന നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനം മാത്രമല്ല നമുക്ക്. അതിദരിദ്രരില്ലാത്ത സംസ്ഥാനമായി നമ്മുടെ കേരളത്തെ പ്രഖ്യാപിക്കാന്‍ പോവുകയാണ് അന്ന്. നവകേരള സൃഷ്ടിയില്‍ നാം സൃഷ്ടിച്ച രീതികള്‍ പ്രശംസിക്കപ്പെട്ടു.

പ്രകടന പത്രിക തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങള്‍ നിരത്തി കാണിക്കാനുള്ള ഒന്ന് മാത്രമല്ലെന്നും അത് നടപ്പിലാക്കാനുള്ളതുമാണെന്നുള്ള സംസ്‌കാരം നമ്മള്‍ വളര്‍ത്തിയെടുത്തു. വ്യവസായിക മേഖലയില്‍ വലിയ തോതില്‍ മികവ് ഉണ്ടാക്കി. വ്യവസായ സൗഹൃദ അന്തരീക്ഷം ഏറ്റവും മികച്ചത് കേരളത്തിലാണെന്ന് തെളിയിച്ചു. ഐ.ടി, സ്റ്റാര്‍ട്ടപ്പ് മേഖലകളില്‍ വലിയ കുതിപ്പുണ്ടായി.

ജനങ്ങള്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശം എന്ന് ഉറപ്പാക്കി. തൊഴില്‍ സ്ഥാപനങ്ങളെയും തൊഴില്‍ അന്വേഷകരെയും ബന്ധിപ്പിച്ച് പദ്ധതികള്‍ നടപ്പിലാക്കി. പൊതു മേഖലയോട് പ്രത്യേക ശ്രദ്ധയാണ് സ്വീകരിച്ചത്. അതിന്റെ ഒരു ഉദാഹരണം മാത്രമാണ് കാസര്‍കോട്ടെ ഭെല്‍ സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്ത് നല്ല രീതിയില്‍ മുന്നോട്ട് പോവുന്നത്. സംസ്ഥാനത്ത് വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിച്ചു.

കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടി നിങ്ങള്‍ കാണുന്നില്ലെ. ദൈനംദിന ചെലവിന് പോലും എത്രമാത്രം ബുദ്ധിമുട്ടിക്കാനാവുമോ എന്നാണ് കേന്ദ്രം ചിന്തിക്കുന്നത്. അപ്പോഴും പിടിച്ച് നില്‍ക്കാന്‍ നമുക്ക് കഴിഞ്ഞു. തനത് നികുതി വരുമാനവും നികുതിയേതര വരുമാനവും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. നികുതി വരുമാനം 2021-22ല്‍ 47,000 കോടി രൂപയായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 80,000 കോടി രൂപയായി വര്‍ധിച്ചു. തീരദേശ സംരക്ഷണം, കെഫോണ്‍, മാലിന്യ സംസ്‌ക്കരണം തുടങ്ങി എല്ലാ രംഗത്തും സര്‍ക്കാറിന്റെ മികവ് അടയാളപ്പെടുത്താന്‍ കഴിഞ്ഞു'-മുഖ്യമന്ത്രി സര്‍ക്കാര്‍ നേട്ടങ്ങളുടെ കണക്കുകള്‍ ഒന്നും വിടാതെ സദസിന് മുന്നില്‍ നിരത്തി.

Related Articles
Next Story
Share it