ആലപ്പുഴ അപകടം; കാറോടിച്ച വിദ്യാര്‍ത്ഥി പ്രതിയാകും; കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ ഒഴിവാക്കി

വിദ്യാര്‍ത്ഥിയുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍

ആലപ്പുഴ: കളര്‍കോട് ദേശീയപാതയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസ്സും കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കാറോടിച്ച വിദ്യാര്‍ഥി ഗൗരി ശങ്കര്‍ പ്രതിയാവും. ഗൗരി ശങ്കറിനെ പ്രതിയാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കാറോടിച്ച വിദ്യാര്‍ത്ഥിയുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍. ഭാരതീയ ന്യായ സംഹിത 106 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരിക്കേറ്റ ഗൗരി ശങ്കര്‍ നിലവില്‍ ചികിത്സയിലാണ്. നേരത്തെ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ പ്രതിയാക്കിയാണ് കേസെടുത്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ഭാഗത്ത് വീഴ്ച ഇല്ലെന്ന് കണ്ടെത്തി കേസില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊഴി പൊലീസ് എടുത്തിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് ദാരുണമായ അപകടത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളായ അഞ്ച് പേര്‍ മരിച്ചത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന കെ.എസ്.ആര്‍.ടി.സിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന 11 പേരില്‍ ആറ് പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it