എയര്‍ ഇന്ത്യ എക്‌സ്പ്രസിന് കൊച്ചിയില്‍ അടിയന്തര ലാന്റിംഗ്; വിമാനത്തിന്റെ ടയറുകള്‍ പൊട്ടി

160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതര്‍

കൊച്ചി: ലാന്റിംഗ് ഗിയറിലെ തകരാറിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്റിംഗ് നടത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി. വലിയൊരു ദുരന്തം ഒഴിവായത് തലനാരിഴക്കാണ്. വിമാനത്തില്‍ 160 യാത്രക്കാരുണ്ടായിരുന്നു. ജിദ്ദയില്‍ നിന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനമാണ് യന്ത്ര തകരാര്‍ മൂലം അടിയന്തരമായി നെടുമ്പാശേരിയില്‍ ഇറക്കിയത്. ഏറെനേരം ആശങ്ക സൃഷ്ടിച്ചുവെങ്കിലും യാത്രക്കാര്‍ സുരക്ഷിതരാണെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. യാത്രമധ്യേ വിമാനത്തിന് സാങ്കേതിക തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് അടിയന്തര ലാന്റിംഗ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു. ലാന്റിംഗ് ഗിയറിന് തകരാര്‍ സംഭവിച്ചതായും വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിയതായുമാണ് വിവരങ്ങള്‍. വിമാനത്തിന്റെ ലാന്റിംഗിനായി കൊച്ചി വിമാനത്താവളം അടിയന്തരമായി സജ്ജമാക്കുകയായിരുന്നു. ഗുരുതരമായ സാങ്കേതിക പിഴവാണ് എയര്‍ ഇന്ത്യ വിമാനത്തിനുണ്ടായതെന്നാണ് വിവരം. ജിദ്ദയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 1.15നാണ് വിമാനം പുറപ്പെട്ടത്. ജിദ്ദയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോള്‍ തന്നെ ടയറുകളിലൊന്ന് പൊട്ടിയതായാണ് സംശയം. ടേക്ക് ഓഫ് സമയത്ത് വലിയ ശബ്ദവും വിമാനത്തിനുള്ളില്‍ വലിയ കുലുക്കവും അനുഭവപ്പെട്ടിരുന്നതായി യാത്രക്കാര്‍ പറയുന്നു. കോഴിക്കോട്ടേക്ക് റോഡ് മാര്‍ഗം പോകണമെന്ന് യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ യാത്രക്ക് മറ്റൊരു വിമാനം ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവളത്തിനുള്ളില്‍ യാത്രക്കാര്‍ എയര്‍ ഇന്ത്യ അധികൃതരുമായി വാക്കുതര്‍ക്കമുണ്ടായി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it