നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

വിടവാങ്ങിയത് 48 വര്‍ഷം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന അപൂര്‍വ്വ പ്രതിഭ

കൊച്ചി: മലയാള സിനിമാ മേഖലയെ കണ്ണീരിലാഴ്ത്തി നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ വിടവാങ്ങി. 69 വയസായിരുന്നു. ഇന്ന് രാവിലെ തൃപ്പൂണിത്തുറ താലൂക്ക് ആസ്പത്രിയിലായിരുന്നു അന്ത്യം. മൃതദേഹം വീട്ടിലെത്തിച്ചു. ഒരു മണി മൂന്ന് മണിവരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വെക്കും. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നുവെങ്കിലും ശ്രീനിവാസന്‍ പൊതുപരിപാടികളിലടക്കം പ്രത്യക്ഷപ്പെട്ടിരുന്നു.

ഡയാലിസിസ് ചെയ്യാന്‍ വേണ്ടിയാണ് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. തൃപ്പൂണിത്തുറ എത്തിയപ്പോള്‍ ആരോഗ്യ നില മോശമാവുകയായിരുന്നു. ഭാര്യ വിമല ഒപ്പമുണ്ടായിരുന്നു.

സാധാരണക്കാരുടെ ജീവിതത്തെ അസാധാരണമായ മിഴിവോടെ അവതരിപ്പിച്ച സിനിമാപ്രവര്‍ത്തകനായിരുന്നു ശ്രീനവാസന്‍. മലയാളികളെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അപൂര്‍വ പ്രതിഭ. ഇരുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു.

48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിനാണ് മലയാളികളുടെ പ്രിയ താരം ശ്രീനിയുടെ മരണത്തിലൂടെ അവസാനമായത്.

ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും നാടോടിക്കാറ്റും ടി.പി ഗോപാലഗോപാലന്‍ എം.എയും സന്ദേശവും വടക്കുനോക്കിയന്ത്രവും തലയണമന്ത്രവും ഒന്നും മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചു. ഒരു കാലത്ത് മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു മോഹന്‍ലാലും ശ്രീനിവാസനും. രണ്ടു പേരും ചേര്‍ന്ന് തിയേറ്ററുകളില്‍ ചിരിപ്പടക്കം സൃഷ്ടിച്ചു.

ഒപ്പം തന്നെ ചിന്തിക്കാനുള്ള വകകളും പ്രേക്ഷകരുടെ മനസില്‍ നിറച്ചു. പ്രിയദര്‍ശനുംസത്യന്‍ അന്തിക്കാടിനും ഒപ്പം ചേര്‍ന്നുള്ള ശ്രീനിവാസന്റെ സിനിമകള്‍ ഒരു കാലഘട്ടത്തില്‍ മലയാളക്കര ഇരുകൈകളും നീട്ടി സ്വീകരിച്ചു.

1956 ഏപ്രില്‍ 4ന് തലശേരിക്കടുത്തുള്ള പാട്യത്താണ് ശ്രീനിവാസന്‍ ജനിച്ചത്. പഠനശേഷം മദ്രാസിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയതോടെയാണ് ശ്രീനിവാസന്‍ മലയാളത്തിന്റെ പ്രിയങ്കരനായ താരമായി വളര്‍ന്നത്. രജനികാന്ത് അടക്കമുള്ള പ്രമുഖര്‍ക്കൊപ്പമായിരുന്നു സിനിമാ പഠനം.

1977ല്‍ പി.എ ബക്കറിന്റെ 'മണിമുഴക്കം' എന്ന സിനിമയിലൂടെയാണ് അഭിനയത്തിന്റെ അരങ്ങേറ്റം. ആദ്യം ചെറിയ വേഷങ്ങളിലാണ് അഭിനയിച്ചതെങ്കിലും പിന്നീട് കണ്ടത് ചെറിയ ശ്രീനിയുടെ വലിയ ലോകമാണ്. സത്യന്‍ അന്തിക്കാടുമൊത്ത് 15 സിനിമകളില്‍ ഒന്നിച്ചു.

ശ്രീനിവാസന്‍ എഴുതിയും, അഭിനയിച്ചും ഹിറ്റാക്കിയ സിനിമകള്‍ ഓര്‍ത്തെടുത്താല്‍ മലയാള സിനിമാ പ്രേക്ഷകരുടെ ഉള്ളം നിറയും.

ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം, സന്മസുളളവര്‍ക്ക് സമാധാനം, ടി.പി ബാലഗോപാലന്‍ എം.എ, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, തലയണമന്ത്രം, ഗോളാന്തരവാര്‍ത്ത, ചമ്പക്കുളം തച്ചന്‍, വരവേല്‍പ്, സന്ദേശം, ഉദയനാണ് താരം, മഴയെത്തും മുമ്പേ, അഴകിയ രാവണന്‍, ഒരു മറവത്തൂര്‍ കനവ്, അയാള്‍ കഥയെഴുതുകയാണ്, കഥ പറയുമ്പോള്‍, അരം+അരം=കിന്നരം, ബോയിങ് ബോയിങ്, മുത്താരംകുന്ന് പി.ഒ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, പട്ടണപ്രവേശം, വെള്ളാനകളുടെ നാട്, അക്കരെഅക്കരെഅക്കരെ, കിളിച്ചുണ്ടന്‍ മാമ്പഴം... അങ്ങനെ നീളുന്നു ഹിറ്റ് ചിത്രങ്ങള്‍. കഥ പറയുമ്പോള്‍, തട്ടത്തിന്‍ മറയത്ത് എന്നീ സിനിമകള്‍ നിര്‍മ്മിച്ചു.

ഇടംവലം നോക്കാതെ സാമൂഹ്യ വിമര്‍ശനം നടത്തിയിരുന്ന ശ്രീനിവാസന്‍ കൃഷിയുടെ നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കിയും കേരളത്തെ വിസ്മയിപ്പിച്ചു.

ഭാര്യ: വിമല. പ്രശസ്ത സിനിമാ നടന്മാരും സംവിധായകരുമായ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ മക്കളാണ്.

Live Updates

  • 20 Dec 2025 1:17 PM IST

    സംസ്‌കാരം നാളെ ഉദയംപേരൂരിലെ വീട്ടില്‍, വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയെത്തി വിനീത്

    കൊച്ചി: ശ്രീനിവാസന്റെ മൃതദേഹം ഒരു മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ഔദ്യോഗിക ബഹുമതികളോടെ നാളെ രാവിലെ 10 മണിക്ക് ഉദയംപേരൂരിലെ വീട്ടില്‍ സംസ്‌ക്കാര ചടങ്ങ് നടക്കും. മരണ വിവരമറിഞ്ഞ് സിനിമാ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവര്‍ ആസ്പത്രിയിലെത്തിയിരുന്നു. നടന്‍ മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പം എത്തിയാണ് അന്തിമോപചാരം അര്‍പ്പിച്ചത്. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍, നടി സരയു, നിര്‍മ്മാതാവ് ആന്റോ ജോസഫ്, കെ. ബാബു എം.എല്‍.എ എന്നിവര്‍ അടക്കമുള്ളവര്‍ ആസ്പത്രിയിലെത്തി. മുഖ്യമന്ത്രിയും സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൊച്ചിയിലുണ്ട്. ഇരുവരും ശ്രീനിവാസന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തും. മരണവാര്‍ത്ത അറിഞ്ഞ് സിനിമാ പ്രവര്‍ത്തകര്‍ കൊച്ചിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. മുന്‍കൂട്ടി നിശ്ചയിച്ച ചില പരിപാടികള്‍ക്കായി കൊച്ചിയില്‍ നിന്നും ചെന്നൈയിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മകന്‍ വിനീത് പിതാവിന്റെ മരണവാര്‍ത്ത അറിയുന്നത്. യാത്ര റദ്ദാക്കി ഉടന്‍ ആസ്പത്രിയിലേക്ക് തിരിച്ചു.


  • 20 Dec 2025 1:13 PM IST

    ശ്രീനിവാസന്റെ മൃതദേഹത്തിനരികില്‍ ദുഃഖസാന്ദ്രരായി ഭാര്യ വിമലയും മകന്‍ ധ്യാനും

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it