മൃതദേഹം കണ്ടെത്താത്ത അപൂര്‍വം കേസായ ഷാബ ഷരീഫ് വധക്കേസില്‍ 3 പേര്‍ കുറ്റക്കാര്‍

മലപ്പുറം: മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കാതെ വിചാരണ പൂര്‍ത്തിയാക്കിയ കേരളത്തിലെ അപൂര്‍വ്വം കൊലക്കേസുകളില്‍ ഒന്നായ ഷാബ ഷെരീഫ് വധക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതി കണ്ടെത്തി. മറ്റു പ്രതികളെ വിട്ടയച്ചു. മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തിലാണ് 1, 2, 6 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഒന്നാം പ്രതി ഷൈബിന്‍ അഷറഫ്, രണ്ടാം പ്രതി ശിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നീ മൂന്നു പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായും കോടതി പറഞ്ഞു. കേസില്‍ ശിക്ഷ ഈ മാസം 22ന് വിധിക്കും. മ്യതദേഹമോ ശരീര ഭാഗങ്ങളോ കണ്ടെത്താനാവാത്ത കേസില്‍ സംസ്ഥാനത്തെ ആദ്യത്തെ ശിക്ഷയാണ് ഇതെന്ന് പൊലീസ് പറഞ്ഞു. 15 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്.