കോഴിക്കോട്: ബന്ധു നിയമനക്കേസില്‍ മുന്‍മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനാണെന്ന ലോകായുക്ത ഉത്തരവില്‍ വീഴ്ചയില്ലെന്ന് ഹൈക്കോടതി. ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി ലോകായുക്ത വിധി ശരിവെക്കുകയായിരുന്നു. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
കെ ടി ജലീല്‍ കുറ്റക്കാരനാണെന്ന് നേരത്തെ ലോകായുക്ത വ്യക്തമാക്കിയിരുന്നു. ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും മന്തത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നുമായിരുന്നു ലോകായുക്ത റിപോര്‍ട്ട്. ഇതിനെതിരെ ജലീല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പിന്നാലെ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.
തന്റെ ഭാഗമോ രേഖകളോ പരിഗണിക്കാതെയാണ് ലോകായുക്ത ഉത്തരവ് ഇറക്കിയതെന്നായിരുന്നു കെ ടി ജലീലിന്റെ വാദം. പ്രാഥമിക അന്വേഷണം പോലും നടത്താതെ ലോകായുക്ത അന്തിമ വിധി പുറപ്പെടുവിച്ചുവെന്നും കെ ടി ജലീല്‍ പറഞ്ഞിരുന്നു. സംസ്ഥാന ന്യൂനപക്ഷ കോര്പറേഷന് ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ബന്ധുവായ കെ ടി അദീബിനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗമാണെന്നാണ് ലോകായുക്ത കണ്ടെത്തിയിരിക്കുന്നത്. മലപ്പുറം സ്വദേശിയായ വി കെ മുഹമ്മദ് ഷാഫി നല്കിയ പരാതിയിലായിരുന്നു വിധി.