തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇതോടെ മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ശിവശങ്കര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആയുര്‍വേദ ആസ്പത്രിയില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ എത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ആസ്പത്രിയിലെത്തി സമന്‍സ് കൈമാറിയാണ് കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ച തന്നെ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. കേസില്‍ അന്വേഷണ ഏജന്‍സികള്‍ നടപടികള്‍ ശക്തമാക്കിയതോടയാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റില്‍ നിന്ന് ഒഴിവാകാനാകാത്ത സാഹചര്യത്തെയാണ് ശിവശങ്കര്‍ അഭിമുഖീകരിക്കുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ ഗൂഢാലോചനയില്‍ എം ശിവശങ്കറിന് പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.
മുന്‍കൂര്‍ ജാമ്യഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറയിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ പേരില്‍ തനിക്ക് നേരെ നടക്കുന്നത് മാനസിക പീഡനമാണെന്നും കള്ളപ്പണ, കള്ളക്കടത്ത് ഇടപാടില്‍ പങ്കില്ലെന്നും തന്നെ ജയിലിലടക്കാന്‍ ആണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമമെന്നുമാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അറിയിച്ചിരുന്നത്.
Kerala gold smuggling case: ED takes suspended IAS officer M Sivasankar into custody soon after court rejects anticipatory bail plea