കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ കസ്റ്റംസ് 3000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 29 പ്രതികളാണ് കേസിലുള്ളത്. വിമാനത്താവളത്തില്‍ നിന്നു സ്വര്‍ണം കടത്തുന്നതിനു മുന്‍പന്തിയില്‍ നിന്ന സരിത്ത് ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കേസില്‍ ആരെയും മാപ്പു സാക്ഷികളാക്കിയിട്ടില്ല.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് സ്വര്‍ണക്കടത്തിനെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 29ാം പ്രതിയാണ് ശിവശങ്കര്‍. റമീസും സന്ദീപുമാണ് നയതന്ത്ര ബാഗേജ് വഴിയുള്ള കടത്തിന്റെ സാധ്യത കണ്ടെത്തിയത്. 21 തവണയായി 161 കിലോയോളം സ്വര്‍ണം ഇവര്‍ കടത്തിയെന്നാണ് കണ്ടെത്തല്‍. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഉള്ളവരാണ് ഇതിനായി പണം മുടക്കിയത് എന്നും കുറ്റപത്രത്തില്‍ പറയുന്നു. കടത്തിയ സ്വര്‍ണം ഉരുപ്പിടികളാക്കി മംഗളൂരുവിലെയും ഹൈദരബാദിലെയും ജ്വല്ലറികളില്‍ നല്‍കിയെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ജ്വല്ലറികളുടെ ഉടമകളെയും കസ്റ്റംസ് കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
ആഭരണങ്ങളായി വിറ്റതിനാല്‍ സ്വര്‍ണം കണ്ടെടുക്കാനായില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം, ദുബൈ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ വ്യക്തമായ പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇവരെ ഇപ്പോള്‍ പ്രതിചേര്‍ത്തിട്ടില്ല. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇവരെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. കസ്റ്റംസ് ബ്രോക്കര്‍ ഗോഡ്ഫ്രെ പ്രതാപിനെയും എമിറേറ്റ്സ് സ്കൈ കാര്‍ഗോയെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണം കയറ്റി അയച്ചവരില്‍ പ്രധാനിയെന്നു കരുതുന്ന ഫൈസല്‍ ഫരീദ് പ്രതിപ്പട്ടികയില്‍ ഇല്ല.
എന്നാല്‍ സ്വര്‍ണക്കടത്തില്‍ നിന്നും ലഭിച്ച പണം തീവ്രവാദത്തിനു ഉപയോഗിച്ചു എന്ന എന്‍.ഐ.എയുടെ കണ്ടെത്തല്‍ സാധൂകരിക്കുന്ന തെളിവൊന്നും കണ്ടെത്താന്‍ കസ്റ്റംസിനു കഴിഞ്ഞിട്ടില്ല. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം ഭീകരവാദത്തിന് ഉപയോഗിച്ചെന്നായിരുന്നു ദേശീയ അന്വേഷണ ഏജന്‍സിയുടെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ്, സ്വര്‍ണക്കടത്തില്‍ എന്‍.ഐ.എ കേസെടുത്തത്. അതേസമയം സ്വര്‍ണക്കടത്തിലെ തീവ്രവാദ ബന്ധത്തിന് തെളിവ് എവിടെയെന്ന് കോടതി പലവട്ടം ആരാഞ്ഞിരുന്നു.
സ്വര്‍ണക്കടത്തില്‍ മന്ത്രിമാര്‍ക്കോ മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കോ പങ്കുള്ളതായി തെളിവു ലഭിച്ചിട്ടില്ലെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.