കാര്യവട്ടത്ത് ഇനി ക്രിക്കറ്റ് മത്സരം വരണമെങ്കില്‍ കാര്യമായ മിനുക്കുപണികള്‍ ആവശ്യം; ആര്‍മി റിക്രൂട്ട്‌മെന്റിന് വിട്ടുനല്‍കി പിച്ച് നശിപ്പിച്ചതിനെ തുടര്‍ന്ന് കെസിഎ കരാറില്‍ നിന്ന് പിന്മാറി

തിരുവനന്തപുരം: കാര്യവട്ടം ഗീന്‍ഫീല്‍ഡ് സ്റ്റേഡിയം കരാറില്‍ നിന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പിന്മാറി. ആര്‍മി റിക്രൂട്ട്‌മെന്റിന് സ്റ്റേഡിയം വിട്ടുനല്‍കി പിച്ച് അടക്കം നശിപ്പിച്ചതിനെ തുടര്‍ന്നാണ് സ്റ്റേഡിയത്തിന്റെ നടത്തിപ്പ് അവകാശമുള്ള ഐഎല്‍എഫ്എസ് (ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫൈനാന്‍ഷ്യല്‍ സര്‍വീസസ്) മായുള്ള കരാറില്‍ നിന്ന് കെസിഎ പിന്മാറിയത്. ഓരോ മാസവും എട്ട് ലക്ഷത്തോളം രൂപ ചെലവിട്ടാണ് കെസിഎ സ്റ്റേഡിയം പരിപാലിക്കുന്നത്. എല്ലാം നശിപ്പിച്ച സാഹചര്യത്തില്‍ സ്റ്റേഡിയം പഴയ പോലെയാകണമെങ്കില്‍ മാസന്തോറുമുള്ള ചെലവ് കൂടാതെ 50 ലക്ഷം രൂപ വേണ്ടിവരും. സ്റ്റേഡിയം […]

തിരുവനന്തപുരം: കാര്യവട്ടം ഗീന്‍ഫീല്‍ഡ് സ്റ്റേഡിയം കരാറില്‍ നിന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പിന്മാറി. ആര്‍മി റിക്രൂട്ട്‌മെന്റിന് സ്റ്റേഡിയം വിട്ടുനല്‍കി പിച്ച് അടക്കം നശിപ്പിച്ചതിനെ തുടര്‍ന്നാണ് സ്റ്റേഡിയത്തിന്റെ നടത്തിപ്പ് അവകാശമുള്ള ഐഎല്‍എഫ്എസ് (ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫൈനാന്‍ഷ്യല്‍ സര്‍വീസസ്) മായുള്ള കരാറില്‍ നിന്ന് കെസിഎ പിന്മാറിയത്. ഓരോ മാസവും എട്ട് ലക്ഷത്തോളം രൂപ ചെലവിട്ടാണ് കെസിഎ സ്റ്റേഡിയം പരിപാലിക്കുന്നത്. എല്ലാം നശിപ്പിച്ച സാഹചര്യത്തില്‍ സ്റ്റേഡിയം പഴയ പോലെയാകണമെങ്കില്‍ മാസന്തോറുമുള്ള ചെലവ് കൂടാതെ 50 ലക്ഷം രൂപ വേണ്ടിവരും.

സ്റ്റേഡിയം ആര്‍മി റിക്രൂട്ട്‌മെന്റിന് വിട്ടുനല്‍കിയതിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആര്‍മി റിക്രൂട്ട്‌മെന്റിനു നല്‍കിയത് തങ്ങളല്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. സ്റ്റേഡിയത്തിന്റെ നടത്തിപ്പ് അവകാശമുള്ള ഐഎല്‍എഫ്എസ് (ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫൈനാന്‍ഷ്യല്‍ സര്‍വീസസ്) ആണ് സ്റ്റേഡിയം ആര്‍മി റിക്രൂട്ട്‌മെന്റിനു വാടകയ്ക്ക് നല്‍കിയതെന്നും ഐഎല്‍എഫ്എസുമായുള്ള കരാറില്‍ നിന്ന് കെസിഎ പിന്മാറിയെന്നും സെക്രട്ടറി ശ്രീജിത്ത് നായര്‍ പറഞ്ഞു.

"കേരള ക്രിക്കറ്റ് അസോസിയേഷനെ കുറ്റപ്പെടുത്തുന്നത് സ്റ്റേഡിയം നശിച്ചതുകൊണ്ടാണല്ലോ. ഇത് ഇത്രയും നാളും നോക്കിനടത്തിയത് കെസിഎ ആണെന്ന് കായിക പ്രേമികള്‍ക്കോ പൊതുജനങ്ങള്‍ക്കോ അറിയില്ല. കെസിഎയും ഐഎല്‍എഫ്എസുമായുള്ള ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ 2015 മുതല്‍ കെസിഎ ആണ് സ്റ്റേഡിയത്തിലെ പുല്‍മൈതാനവും മറ്റും സംരക്ഷിക്കുന്നത്. ഇത് ജനങ്ങള്‍ക്കറിയില്ല. കൂടാതെ, ഒരു വര്‍ഷത്തില്‍ 180 ദിവസം മാത്രമാണ് കെസിഎയ്ക്ക് സ്റ്റേഡിയം ഉപയോഗിക്കാന്‍ അനുമതിയുള്ളത്. എങ്കിലും, 365 ദിവസവും ഞങ്ങള്‍ ടര്‍ഫും മറ്റ് അനുബന്ധ സംവിധാനങ്ങളും സംരക്ഷിക്കുന്നുണ്ട്. കൂടാതെ, സ്റ്റേഡിയം ഉപയോഗിക്കുന്ന ദിവസങ്ങളില്‍ നാലായിരം രൂപ വെച്ച് ഐഎല്‍എഫ്എസിനു കൊടുക്കുന്നുണ്ട്. ടര്‍ഫും മറ്റും സംരക്ഷിച്ച് നിര്‍ത്തുന്നതിന് ഒരു മാസം 8 ലക്ഷം രൂപയാണ് ഞങ്ങള്‍ക്ക് വരുന്ന ചെലവ്. ഈ കരാറില്‍ പറയുന്നതു പ്രകാരം ക്രിക്കറ്റ് അല്ലാതെ മറ്റ് കാര്യങ്ങള്‍ക്ക് സ്റ്റേഡിയം വിട്ടുകൊടുക്കാന്‍ പാടില്ല. എന്നാല്‍, അവര്‍ പലതവണ സ്റ്റേഡിയം മറ്റ് ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്. ഐഎല്‍എഫ്എസ് സാമ്പത്തികമായി പൊളിഞ്ഞിരിക്കുകയാണ്. ഇങ്ങനെ മറ്റ് പരിപാടികള്‍ക്ക് സ്റ്റേഡിയം വിട്ടുകൊടുക്കുമ്പോള്‍ ഉണ്ടാവുന്ന നഷ്ടത്തിന്റെ കണക്ക് ഞങ്ങള്‍ അവര്‍ക്ക് നല്‍കും. പക്ഷേ, ആ പണം തരാന്‍ അവരുടെ കയ്യില്‍ ഉണ്ടാവില്ല. കണക്കില്‍ കൂട്ടിക്കോളാന്‍ അവര്‍ പറയും. ഇപ്പോ ആ കണക്ക് ഏകദേശം ഒന്നരക്കോടി രൂപ ആയി. അത്രയും തുക അവര്‍ ഞങ്ങള്‍ക്ക് തരാനുണ്ട്."- ശ്രീജിത്ത് പറഞ്ഞു.

"കൊവിഡ് സമയത്തും ഞങ്ങള്‍ സ്റ്റേഡിയവും ടര്‍ഫും സംരക്ഷിച്ചിരുന്നു. നമുക്ക് രാജ്യാന്തര മത്സരം ലഭിക്കുന്ന സമയത്ത് ഉപയോഗിക്കാന്‍ വേണ്ടിയായിരുന്നു അത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആയിരുന്നിട്ടും ഞങ്ങളുടെ തൊഴിലാളികള്‍ അവിടെ ജോലി ചെയ്തു. അങ്ങനെ ഇന്ത്യ-ദക്ഷിണാഫ്രിക്ക (വനിതാ ക്രിക്കറ്റ്) 8 മത്സരങ്ങള്‍ നമുക്ക് അനുവദിക്കുന്നു. ഞങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടു, കായികമന്ത്രിയെ കണ്ടു. അവരൊക്കെ നല്ല പിന്തുണ നല്‍കി. കൊവിഡ് ഫസ്റ്റ് ലൈന്‍ സെന്റര്‍ സ്റ്റേഡിയത്തില്‍ നിന്ന് മാറ്റാം എന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യം ഞങ്ങള്‍ ഐഎല്‍എഫ്എസിനെ അറിയിച്ചു. പുരുഷ രാജ്യാന്തര മത്സരങ്ങള്‍ നടക്കുമ്പോള്‍ ടിക്കറ്റ് വില്പനയുടെ 15 ശതമാനം അവര്‍ക്ക് നല്‍കാറുണ്ട്. കൂടുതല്‍ കാണികളെത്തുന്ന, ലാഭകരമായി നമ്മള്‍ നടത്തുന്ന ഒന്നാണത്. വനിതാ ടി-20യ്ക്ക് അധികം കാണികള്‍ വരില്ല. മത്സരം നടത്തിപ്പിനുള്ള തുക മാത്രമേ ബിസിസിഐ നല്‍കൂ. കളി നടക്കുന്ന കാര്യം അറിയിച്ചപ്പോള്‍ ഒരു മത്സരത്തിന് 8 ലക്ഷം രൂപ വീതം നല്‍കണമെന്ന് ഐഎല്‍എഫ്എസ് അറിയിച്ചു. അത് നടക്കുന്ന കാര്യമല്ല. എന്നിട്ട്, ഇത് ആര്‍മിക്ക് വാടകയ്ക്ക് നല്‍കിയ കാര്യം അവര്‍ ഞങ്ങളില്‍ നിന്ന് മറച്ചുവച്ചു. ഇത് അറിഞ്ഞിരുന്നെങ്കില്‍ മത്സരങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടെന്ന് ബിസിസിഐയെ അറിയിക്കുമായിരുന്നു. തയ്യാറെടുപ്പുകള്‍ എല്ലാം കഴിഞ്ഞാണ് ഇങ്ങനെ ഒരു വിവരം അറിയുന്നത്. സൈന്യത്തില്‍ നിന്ന് പണം ഈടാക്കിയാണ് ഇത് നല്‍കുന്നതെന്ന് ഞങ്ങള്‍ മനസ്സിലാക്കി. കരാര്‍ ലംഘനം ആയതുകാരണം ഞങ്ങള്‍ കത്തയച്ചു. റിക്രൂട്ട്‌മെന്റ് നടക്കുമ്പോള്‍ അവിടെ പുല്ല് നനയ്ക്കാന്‍ ഉപയോഗിക്കുന്ന പോപ്പപ്പ് സ്പ്രിങ്ക്‌ളറിനു മുകളില്‍ ബാരിക്കേഡ് വച്ച് അതൊക്കെ നശിച്ചു. പ്രാക്ടീസ് വിക്കറ്റുകള്‍ അടക്കം ഔട്ട്ഫീല്‍ഡ് മൊത്തം ചീത്തയായി. ഇതോടെ ഐഎല്‍എഫ്എസുമായുള്ള കരാറില്‍ നിന്ന് ഞങ്ങള്‍ പിന്മാറി. ഇനി അത് ഞങ്ങള്‍ സംരക്ഷിക്കില്ല. ഇനി, സര്‍ക്കാര്‍ ഇടപെട്ട് പുതിയ ഒരു രീതി ഉണ്ടാക്കിയാലേ കെസിഎ അത് സംരക്ഷിക്കൂ. നിങ്ങള്‍ ക്രിക്കറ്റ് കളിക്കു വേണ്ടി ഒരു കോടി രൂപ അവിടെ മുടക്കുന്നു. പക്ഷേ, കളി വരുമ്പോള്‍ നടത്താന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണ് ആ തുക മുടക്കുന്നത് എന്നാണ് ബിസിസിഐ ചോദിച്ചത്."- അദ്ദേഹം തുടര്‍ന്നു.

"ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഐഎല്‍എഫ്എസും കാര്യവട്ടം സ്റ്റേഡിയവും ദേശീയ ഗെയിംസ് കമ്മറ്റിയുമായുള്ള ഒരു കരാര്‍ ആണിത്. അത് പ്രകാരം 15 വര്‍ഷത്തേക്ക് സ്റ്റേഡിയം നടത്തിപ്പിനുള്ള ചുമതല ഐഎല്‍എഫ്എസിനാണ്. പക്ഷേ, ഐഎല്‍എഫ്എസ് സാമ്പത്തികമായി തകര്‍ന്നതിനാല്‍ അവര്‍ക്ക് പണമില്ല. ആവശ്യമുള്ള ജോലിക്കാര്‍ പോലും അവിടെ ഇല്ല. ഇനി സ്റ്റേഡിയം പഴയതു പോലെയാക്കാന്‍ 30 മുതല്‍ 50 ലക്ഷം രൂപ വരെ ചെലവാക്കണം. അത് കെസിഎ ചെലവാക്കിയാലും അവര്‍ പണം തരില്ല. അങ്ങനെ തരാനുള്ള പണം 2 കോടി രൂപയാകും. അതുകൊണ്ടാണ് കരാറില്‍ നിന്ന് മാറിയത്."- ശ്രീജിത്ത് നായര്‍ പ്രതികരിച്ചു.

Related Articles
Next Story
Share it