കാസര്‍കോട്: അറിവ് കൊണ്ട് മാത്രമേ പ്രതിസന്ധികളെ മറികടക്കാന്‍ കഴിയുകയുള്ളുവെന്നും മികച്ച വിദ്യഭ്യാസം നേടാന്‍ വിദ്യാര്‍ത്ഥികള്‍ കഠിനമായ പരിശ്രമം നടത്തണമെന്നും മുന്‍ ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് എസ്.എസ്.എല്‍.സി, പ്ലസ്ടു, കോളേജ് പഠനം കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സൗജന്യ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമില്‍ മുഖ്യാതിഥിയായി സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. അലക്‌സാണ്ടര്‍ ജേക്കബ് താന്‍ പിന്നിട്ട വഴികള്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. വിദ്യഭ്യാസമില്ലാതെ ലോകത്ത് ഒരു മുന്നേറ്റവും നടത്താന്‍ കഴിയില്ലെന്നും മികച്ച വിദ്യാര്‍ത്ഥികളായി മുന്നേറാന്‍ ഓരോ വിദ്യാര്‍ത്ഥിക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ് ഓഫീസര്‍ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും പിന്നിട്ട വഴികളും വിദ്യാര്‍ത്ഥികള്‍ ചോദിച്ചറിഞ്ഞു. ഐ.പി.എസ് കരസ്ഥമാക്കാനുള്ള വഴികളെ കുറിച്ചും അദ്ദേഹം വിവരിച്ചു. രണ്ടുമണിക്കൂറിലേറെ നേരം സംസാരിച്ച ഡോ. അലക്‌സാണ്ടര്‍ ജേക്കബ് വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങളും നല്‍കി. കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ദില്‍ഷാദ് സിറ്റിഗോള്‍ഡ് അധ്യക്ഷത വഹിച്ചു. റൈസ് അപ്പ് കാസര്‍കോട് എന്ന നൂതന ആശയത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ സെഷനുകളില്‍ ഇര്‍ഫാദ് മായിപ്പാടി, റംല ടീച്ചര്‍ എന്നിവര്‍ ക്ലാസെടുത്തു. കഥ ആപ് ഫൗണ്ടര്‍ ഇഷാന്‍ മുഹമ്മദ് തന്റെ വിജയകഥ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. മറിയം റിദ, ഹന ബോവിക്കാനം എന്നിവര്‍ സംസാരിച്ചു. എന്‍.എ അബൂബക്കര്‍ ഹാജി, അബ്ദുല്‍കരീം കോളിയാട്, പ്രോഗ്രാം ഡയറക്ടര്‍ മുഹമ്മദ് റഫീഖ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ അമീന്‍ നായന്മാര്‍മൂല, അഷറഫ് ഐവ, പി.ആര്‍.ഒ റാഷിദ്, ട്രഷറര്‍ അഷ്‌റഫലി തുടങ്ങിയവര്‍ സംബന്ധിച്ചു. കാസര്‍കോടിന്റെ ഉന്നമനത്തിന് വേണ്ടി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഇനിയും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് ദില്‍ഷാദ് സിറ്റിഗോള്‍ഡ് അറിയിച്ചു.