കാസര്‍കോട്ട് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രി എന്റെ വാക്കാണ് -ഗള്‍ഫാര്‍ മുഹമ്മദലി

കാസര്‍കോട്: കാസര്‍കോട്ട് ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രി തുടങ്ങുന്നത് സംബന്ധിച്ച് സുഹൃത്തായ ഖാദര്‍ തെരുവത്തിന് ഞാന്‍ വാക്കുകൊടുത്തിട്ടുണ്ടെന്നും എന്റെ വാക്കും വിശ്വാസവും ഒരിക്കലും ലംഘിക്കാറില്ലെന്നും പ്രമുഖ വ്യവസായിയും ഗള്‍ഫാര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. പി. മുഹമ്മദലി. ജില്ലയുടെ പുതിയ വികസനത്തിന് ഉണര്‍വ്വേകുന്നതിന് ഉത്തരദേശം തുടക്കം കുറിച്ച 'കാസര്‍കോടിന് മുന്നേറണം' ക്യാമ്പയിനില്‍ മാലിയിലെ കുടാ വില്ലിംഗ്‌ലി റിസോര്‍ട്ടില്‍ നിന്ന് ഓണ്‍ലൈന്‍ ലൈവ് വഴി ഉത്തരദേശം ഓണ്‍ലൈന്‍ ഡയറക്ടര്‍ ഷിഫാനി മുജീബുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട്ട് നല്ലൊരു ഹോസ്പിറ്റല്‍ അത്യാവശ്യമാണ്. […]

കാസര്‍കോട്: കാസര്‍കോട്ട് ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രി തുടങ്ങുന്നത് സംബന്ധിച്ച് സുഹൃത്തായ ഖാദര്‍ തെരുവത്തിന് ഞാന്‍ വാക്കുകൊടുത്തിട്ടുണ്ടെന്നും എന്റെ വാക്കും വിശ്വാസവും ഒരിക്കലും ലംഘിക്കാറില്ലെന്നും പ്രമുഖ വ്യവസായിയും ഗള്‍ഫാര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. പി. മുഹമ്മദലി. ജില്ലയുടെ പുതിയ വികസനത്തിന് ഉണര്‍വ്വേകുന്നതിന് ഉത്തരദേശം തുടക്കം കുറിച്ച 'കാസര്‍കോടിന് മുന്നേറണം' ക്യാമ്പയിനില്‍ മാലിയിലെ കുടാ വില്ലിംഗ്‌ലി റിസോര്‍ട്ടില്‍ നിന്ന് ഓണ്‍ലൈന്‍ ലൈവ് വഴി ഉത്തരദേശം ഓണ്‍ലൈന്‍ ഡയറക്ടര്‍ ഷിഫാനി മുജീബുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട്ട് നല്ലൊരു ഹോസ്പിറ്റല്‍ അത്യാവശ്യമാണ്. ഖാദര്‍ തെരുവത്ത് പറഞ്ഞപ്പോള്‍ ഇതിന്റെ അനിവാര്യത എനിക്കും ബോധ്യമായി. ഞാന്‍ മുന്നിലുണ്ടാവുമെന്ന് വാക്കുകൊടുത്തു. കാസര്‍കോട്ട് ആസ്പത്രികള്‍ ഉണ്ടെങ്കിലും സൗകര്യങ്ങളോടുകൂടിയ നല്ലൊരു ആസ്പത്രി വേണം. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സക്ക് കാസര്‍കോട്ടുകാര്‍ക്ക് മറ്റു ജില്ലകളെ ആശ്രയിക്കേണ്ടിവരുന്നു. കോവിഡ് കാലത്ത് കാസര്‍കോട്ടെ ജനങ്ങള്‍ ഒരുപാട് ദുരിതം അനുഭവിച്ചതായി ഖാദറില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചു. ഞാനും ഖാദറും കൂടിയിരുന്ന് ഗൗരവമായി തന്നെ ഇക്കാര്യം ചര്‍ച്ച ചെയ്തു. കാസര്‍കോട്ട് ഒരു മള്‍ട്ടിസ്‌പെഷ്യാലിറ്റി ആസ്പത്രിക്കുള്ള സാധ്യതാ പഠനം നടത്തുന്നതിന് ഒരു ഏജന്‍സിയെ ഏല്‍പ്പിച്ചു കഴിഞ്ഞു. അവരുടെ പഠന റിപ്പോര്‍ട്ട് ലഭ്യമായ ശേഷം ആലോചിച്ച് തീരുമാനം കൈക്കൊള്ളും. എന്നെ ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചത് ഖാദര്‍ തെരുവത്തിന്റെ നിരന്തരമായ ആവശ്യവും നിര്‍ബന്ധ ബുദ്ധിയുമാണ്. അദ്ദേഹം തന്റെ സ്ഥലം തരാമെന്ന് പറഞ്ഞാണ് മുന്നോട്ട് വന്നത്. നമ്മുടെ ആഗ്രഹത്തോടൊപ്പം എല്ലാവരുടെയും പ്രാര്‍ത്ഥനയും ഉണ്ടാവണം- ഗള്‍ഫാര്‍ മുഹമ്മദലി പറഞ്ഞു.
കാസര്‍കോട് ജില്ലയുമായി പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആത്മ ബന്ധത്തെ കുറിച്ചും ഗള്‍ഫാര്‍ മുഹമ്മദലി സംസാരിച്ചു. കെ.എസ്. അബ്ദുല്ലയുമായി എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആത്മബന്ധമാണ്. അദ്ദേഹത്തിന്റെ വേര്‍പാട് വലിയ നഷ്ടമാണ്. കെ.എസ്. അന്തരിച്ചപ്പോള്‍ ഞാന്‍ അവിടെ വന്നിരുന്നു. അദ്ദേഹം സമൂഹത്തിന് വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങള്‍ എണ്ണമറ്റതാണ്. 1960-70 കാലഘട്ടങ്ങളില്‍ തന്നെ അദ്ദേഹത്തിന്റെ മഹത്തായ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ നേരിട്ട് മനസിലാക്കിയിട്ടുണ്ട്. കെ.എസിനോടുള്ള മതിപ്പ് കൂടാന്‍ കാരണം അതാണ്. ആ കാലത്ത് തന്നെ കെ.എസ്. അബ്ദുല്ലയുടെ നിസ്വാര്‍ത്ഥ സേവനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ മഹനീയമായിരുന്നു അത്. നമ്മള്‍ എക്കാലത്തും അത് ഓര്‍ക്കേണ്ടതുണ്ട്. താന്‍ പല തവണ കാസര്‍കോട് വന്നിട്ടുണ്ടെന്നും ഉറ്റസുഹൃത്തായ ഖാദര്‍ തെരുവത്തിന്റെ വീട്ടില്‍ വരാറുണ്ടെന്നും ഗള്‍ഫാര്‍ മുഹമ്മദലി പറഞ്ഞു.
കൊച്ചി വിമാനത്താവള അതോറിറ്റി സ്ഥാപക ഡയറക്ടര്‍ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയും ഹോട്ടല്‍ മേഖലയിലടക്കം കേരളത്തില്‍ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചതിനെ കുറിച്ചും ഗള്‍ഫാര്‍ മുഹമ്മദലി വിശദമായി സംസാരിച്ചു. കൊച്ചിയില്‍ വിമാനത്താവളം വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ അതുമായി പരിപൂര്‍ണമായി സഹകരിക്കുകയും പണം മുടക്കുകയും ചെയ്തു. നമ്മുടെ നാടിന്റെ വളര്‍ച്ചക്ക് ഉപകരിക്കുന്ന പദ്ധതികളില്‍ നമുക്ക് കഴിയാവുന്ന വിധം കൈകോര്‍ക്കണം. എത്ര ചലഞ്ചുള്ള കാര്യമാണെങ്കിലും അത് വിജയിപ്പിക്കണമെന്നത് ഒരു വിശ്വാസമായി എടുക്കണം.
കൊച്ചി വിമാനത്താവളത്തിന്റെ കാര്യത്തില്‍ അതാണ് സംഭവിച്ചത്. കേരളത്തില്‍ മുതല്‍ മുടക്കാന്‍ ആരും ഭയക്കേണ്ടതില്ല. 1995-96ല്‍ കേരളത്തില്‍ ഞാനാണ് ആദ്യമായി വലിയൊരു ഇന്‍വെസ്റ്റ്‌മെന്റ് ചെയ്തത്. പിന്നീട് പലരും വന്നു- അദ്ദേഹം പറഞ്ഞു.
മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ മനസിലാക്കി അവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനാണ് 1988ല്‍ പി.എം.ഫൗണ്ടേഷന്‍ വഴി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയത്. 40,000ത്തില്‍ അധികം വിദ്യാര്‍ത്ഥികളെ ഇതിനകം തന്നെ സഹായിച്ചുകഴിഞ്ഞു. ഇതൊക്കെ നമ്മുടെ കര്‍ത്തവ്യമാണെന്ന് കരുതണം. ജസ്റ്റിസ് ഖാലിദ് ആയിരുന്നു പി.എം. ഫൗണ്ടേഷന്റെ സ്ഥാപക ചെയര്‍മാന്‍. അദ്ദേഹമാണ് ഇതിന്റെ തുടക്കം നിര്‍വ്വഹിച്ചത്. പ്രേംനസീറും ഇ. അഹ്‌മദുമൊക്കെ അതിന് സാക്ഷിയായി-ഗള്‍ഫാര്‍ കൂട്ടിച്ചേര്‍ത്തു.
2022 ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫാ വേള്‍ഡ് കപ്പ് ഫുട്‌ബോളിന് വേണ്ടി ദോഹ അല്‍ഖോറില്‍ സ്റ്റേഡിയം നിര്‍മ്മിച്ചത് തങ്ങള്‍ ആണെന്നും ഒരുപാട് പ്രത്യേകതകള്‍ ഉള്ള സ്റ്റേഡിയത്തില്‍ 55,000 ടണ്‍ എയര്‍ കണ്ടീഷണറുകളാണ് സ്ഥാപിച്ചിട്ടുള്ളതെന്നും ഈ സ്റ്റേഡിയം വലിയൊരു മൈല്‍സ്റ്റോണ്‍ വര്‍ക്കാണെന്നും ഒരു ചോദ്യത്തിനുള്ള മറുപടിയായി ഗള്‍ഫാര്‍ പറഞ്ഞു.
ഒരു ഗള്‍ഫ് വ്യവസായി എന്ന നിലയിലുള്ള തന്റെ വളര്‍ച്ചയെയും മാലിദ്വീപില്‍ അടുത്തിടെ ആരംഭിച്ച കുടാ വില്ലിംഗിലി റിസോര്‍ട്ടിനെയും കുറിച്ച് ഗള്‍ഫാര്‍ മുഹമ്മദലി വാചാലനായി. ഏതൊരാളുടെയും വളര്‍ച്ചയ്ക്ക് പിന്നില്‍ കൂടെ നിന്ന് പ്രവര്‍ത്തിക്കുന്നവരുടെ കഠിനാധ്വാനവും ആത്മാര്‍ത്ഥതയും ഉണ്ടാവും. കൂടെ നില്‍ക്കുന്നവര്‍ക്ക് ഒരു ധൈര്യവും മാര്‍ഗനിര്‍ദ്ദേശവും കൊടുക്കുക എന്നതാണ് എന്റെ ജോലി. ഏതൊന്ന് തുടങ്ങിവെച്ചാലും സത്യസന്ധമായി തീര്‍ക്കണം എന്നതാണ് എന്റെ പോളിസി. സത്യസന്ധതയും ആത്മാര്‍ത്ഥമായ സമര്‍പ്പണവും ഉണ്ടെങ്കില്‍ ആര്‍ക്കും വിജയിക്കാന്‍ കഴിയും. സാമ്പത്തിക നേട്ടം എന്നതിലുപരി മറ്റുള്ളവരെ സഹായിക്കുക എന്ന തത്വം വെച്ചുപുലര്‍ത്താന്‍ കഴിയണം-ഗള്‍ഫാര്‍ മുഹമ്മദലി പറഞ്ഞു.
കുടാ റിസോര്‍ട്ടിലേക്ക് കാസര്‍കോട്ടുകാരെ ക്ഷണിക്കുന്നുവെന്നും കാസര്‍കോട്ടുകാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it